Headlines

‘ഇഡി നീക്കത്തില്‍ പ്രതിരോധം തീര്‍ക്കണം’; വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ CPIM പ്രമേയം അവതരിപ്പിച്ചു

കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ ഇഡിക്കെതിരെ പ്രമേയം അവതരിപ്പിച്ചു. പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ നീക്കത്തിലാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചത്.

സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായാണ് പ്രമേയം അവതരിപ്പിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ആണ് പ്രമേയം അവതരിപ്പിച്ചത്. നേരത്തെ, 12 ജില്ലാ കമ്മിറ്റികള്‍ ഇഡി വിഷയം ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന നേതാക്കളെ ഇഡി വേട്ടയാടുകയാണ്. ഇഡി നീക്കത്തില്‍ പ്രതിരോധം തീര്‍ക്കണമെന്നായിരുന്നു ആവശ്യം.

പാർട്ടി നേതാക്കളെ ഇ.ഡി. ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുന്നതിനെതിരെ ദേശീയതലത്തിൽ വിപുലമായ കൂട്ടായ്മ രൂപവത്കരിക്കുമെന്ന് എം വി ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ സംഘടനകളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും സമാന ചിന്താഗതിക്കാരെയും ഉൾപ്പെടുത്തി ഐക്യനിര രൂപീകരിക്കാനാണ് ആലോചന. പിണറായി വിജയനെതിരായ ഇ.ഡി. നീക്കം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാക്കളെയും പാർട്ടികളെയും ഇ.ഡിയും കേന്ദ്ര ഏജൻസികളും ലക്ഷ്യമിടുന്നതിനെ ഇന്ത്യ സഖ്യം ചോദ്യം ചെയ്യുന്നില്ലേയെന്ന ചോദ്യത്തിന്, അത് ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണെന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. അതേസമയം, വിപുലീകൃത സംസ്ഥാനകമ്മിറ്റിയിൽ കോഴിക്കോട്ടുനിന്നുള്ള ഒരു നേതാവ് ഇ.ഡിക്കെതിരെ രൂക്ഷമായി രംഗത്തെത്തി. ചട്ടമ്പിയെപ്പോലെയാണ് ഇ.ഡിയുടെ പെരുമാറ്റമെന്നും കുഞ്ഞുങ്ങളെപ്പോലും തോക്കിൻമുനയിൽ നിർത്തി ഭയപ്പെടുത്തിയെന്നും അദ്ദേഹം വിമർശിച്ചു.