തിരുവനന്തപുരം: പിണറായി സർക്കാറിന്റെ പതനം രാജ്യത്ത് അധികാരത്തിൽ വരുന്ന എല്ലാ സർക്കാരുകൾക്കും ഒരു പാഠമാണെന്ന് കോൺഗ്രസ് നേതാവ് വി എം സുധീരൻ. ഇടതുപക്ഷം എന്തുകൊണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന സമയമാണിത്. ശരിയായ രീതിയിൽ തെറ്റ് തിരുത്താൻ വൈമുഖ്യം പ്രകടിപ്പിക്കുന്ന നേതൃത്വത്തെ അണികൾ തിരുത്തുന്നു.
അധികാരത്തിൽ വന്ന ഒരു സർക്കാർ അഞ്ചുവർഷംകൊണ്ട് എങ്ങനെ ജനങ്ങളെ ശത്രു പാളയത്തിലേക്ക് തള്ളിവിട്ടു എന്നുള്ളത് ശ്രദ്ധിക്കണം. മുൻ ഗവൺമെന്റിന്റെ പതനത്തിൽ വലിയ പങ്കുവഹിച്ചത് അവരുടെ മദ്യനയമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം തെറ്റിച്ചു. മദ്യവ്യാപനം കുറയ്ക്കും മദ്യ ഉപയോഗം കുറയ്ക്കും എന്ന് പറഞ്ഞ സർക്കാർ എന്താണ് ചെയ്തതെന്ന് കേരളം കണ്ടു.
29 ബാറുകൾ മാത്രം ഉണ്ടായിരുന്ന കേരളത്തിൽ പിന്നീട് ബാറുകളും മദ്യ ഷോപ്പുകളും കൂടുതലായി അനുവദിച്ചു. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ നടപ്പാക്കുക എന്നത് നിയമപരമാക്കണം. വാഗ്ദാനങ്ങൾ ലംഘിക്കുന്നവരെ നിയമപരമായി ശിക്ഷിക്കണം. ഐക്യ ധനാധിപത്യം മുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കും.
മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ളവയുടെ വിപണനം തടയും. ഇവ നിയന്ത്രിക്കുന്നതിനായുള്ള കർമ്മപദ്ധതികൾ നടപ്പിലാക്കും. മദ്യ വ്യാപനം തടയുന്നതിന് മുഖ്യമന്ത്രി അധ്യക്ഷനായ ഉന്നത അധികാര മേൽനോട്ടസമിതിയെ നിയമിക്കും. മദ്യനയത്തിൽ വ്യക്തമായ നയം മുഖ്യമന്ത്രി സതീശന് ഉണ്ട്. വൈകാതെ മദ്യനയത്തിനു രൂപം നൽകുമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. എക്സൈസ് മന്ത്രിയുമായും സംസാരിച്ചിട്ടുണ്ട്. പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ യുഡിഎഫ് സർക്കാർ ഓരോന്നായി നടപ്പാക്കുന്നുവെന്ന് വി എം സുധീരൻ വ്യക്തമാക്കി.







