കോഴിക്കോട്: നമ്മൾ ബേപ്പൂർ കോർ ടീം വാട്സ് ആപ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങൾ പുറത്തുവിട്ട് അംഗങ്ങൾ. നമ്മൾ ബേപ്പൂർ വാട്സ് ആപ്പ് സ്ക്രീൻ ഷോട്ട് ട്വന്റിഫോറിന് ലഭിച്ചു. റിയാസ് മന്ത്രിയായപ്പോഴാണ് വാട്സ് ആപ് രൂപീകരിച്ചത്. വീഡിയോ രൂപത്തിലാണ് ചാറ്റുകൾ പുറത്തുവിട്ടത്. റിയാസിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള ചാറ്റുകളും വിഡിയോസുമാണ് ഗ്രൂപ്പിൽ ഉള്ളത്.
തിരഞ്ഞെടുപ്പിന് ശേഷം ഗ്രൂപ്പ് സജീവമല്ല. ഗ്രൂപ്പിലുള്ളത് മാധ്യമപ്രവർത്തകരും റിയാസിൻ്റെ പേഴ്സണൽ സ്റ്റാഫിലുള്ളവരും മാത്രമാണ്. 2024 ജൂൺ മുതലുള്ളതാണ് ചാറ്റുകൾ. ഹവാല ഇടപാടുകളുടെ വിവരങ്ങൾ ചാറ്റിലില്ലെന്നതാണ് ശ്രദ്ധേയം. 2024 ജൂലൈ 3, 4 തിയ്യകളിൽ നമ്മൾ ബേപ്പൂർ കോർ ടീം വാട്സാപ്പ് ഗ്രൂപ്പിൽ ഹവാല ഇടപാടിൽ ചർച്ച നടന്നു എന്നായിരുന്നു വിവരം. പുറത്ത് വിട്ട ചാറ്റ് വിവരങ്ങളിൽ ഈ ദിവസങ്ങളിലെ ചാറ്റ് ഇല്ല.
2024 ജൂൺ 17 കഴിഞ്ഞാൽ ജൂലൈ 26 നാണ് ഗ്രൂപ്പിൽ മെസേജ് ഉള്ളത്. 2025 ജൂലൈ 5 നും പണമിടപാടിൽ ചർച്ച നടന്നുവെന്നാണ് ഇഡി പറയുന്നത്. പക്ഷെ ഗ്രൂപ്പിൽ 2025 ജൂൺ 26 കഴിഞ്ഞാൽ ഓഗസ്റ്റ് 5 നാണ് വീണ്ടും മെസേജ് കാണിക്കുന്നത്. ഈ കാലയളവിളെ ചാറ്റ് ഡിലീറ്റ് ചെയ്തോ എന്ന് സംശയം. 2024 ജനുവരി 6 ന് രൂപീകരിച്ച ഗ്രൂപ്പിൽ 2024 ജൂണ് 17 നാണ് ആദ്യ മെസേജ് കാണിക്കുന്നത്.








