Headlines

ക്ഷണിച്ചു വരുത്തി കെണിയിലാക്കി; കോൺഫറൻസിനായി ചൈനയിലെത്തിയ യുഎസ് പൗരനെ തടവിലാക്കി, 3 മാസമായി രഹസ്യകേന്ദ്രത്തിൽ

വാഷിങ്ടൻ ∙ മൂന്നു ദിവസം നീളുന്ന കോൺഫറൻസിനായി ജൂൺ ആദ്യവാരം ചൈനയിൽ എത്തിയ യുഎസ് പൗരൻ തടവിൽ. സാമ്പത്തിക വിഷയത്തിൽ സംഘടിപ്പിച്ച വർക്‌ഷോപ്പിലേക്ക് ക്ഷണം ലഭിച്ചതിനെ തുടർന്നാണ് യുഎസ് പൗരനായ മിൻ സിൻ ജൂൺ 3ന് ചൈനയിൽ എത്തിയത്. എന്നാൽ കുൻമിങ്ങിലെത്തിയതിനു ശേഷം കുടുംബവുമായുള്ള ബന്ധം നിലച്ചതായി ‘വാഷിങ്ടൻ പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് യുഎസ് കോൺസുലേറ്റ് നടത്തിയ അന്വേഷണത്തിലാണ് ചാരവൃത്തി ആരോപിച്ച് മിൻ സിൻ തടവിലാക്കപ്പെട്ട വിവരം ലഭിച്ചത്.

“ഇപ്പോൾ കുൻമിങ്ങിൽ എത്തി” എന്ന് ജൂൺ 3ന് മിൻ സിൻ കുടുംബത്തിനു സന്ദേശം അയച്ചിരുന്നു. ഇതേ സന്ദേശം വർക്‌ഷോപ്പിനു തന്നെ ക്ഷണിച്ച ചൈനീസ് പ്രഫസർക്കും അയച്ചു. എന്നാൽ പിന്നീട് മിൻ സിന്നിന്റെ ഭാഗത്തുനിന്നും സന്ദേശങ്ങളൊന്നും കുടുംബത്തിനു ലഭിച്ചില്ല. അതേസമയം നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിലേക്കും മിൻ സിൻ ചെന്നിട്ടില്ലെന്ന് കണ്ടെത്തി. കുൻമിങ് വിമാനത്താവളത്തിൽ നിന്നും 40 കി.മീ ദൂരമുള്ള സ്ഥലത്തേക്ക് മിൻ സിൻ പോയതായി ഫോൺ ട്രാക്ക് ചെയ്തപ്പോൾ കണ്ടെത്തി. തൊട്ടടുത്ത ദിവസം ചൈനീസ് നമ്പറിൽ നിന്നും മിൻ സിന്നിന്റെ കുടുംബത്തിനു കോൾ ലഭിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിനു വിധേയമാക്കി എന്ന വിവരമാണ് ലഭിച്ചത്. കൂടുതൽ വിവരങ്ങൾ നൽകാതെ സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

തുടർന്ന് യുഎസ് കോൺസുലേറ്റ് നടത്തിയ അന്വേഷണത്തിൽ ജൂൺ 5 ന് ചൈനയിലെ യുനാൻ പ്രവിശ്യയിൽ വച്ച് മിൻ സിൻ ചൈനീസ് കസ്റ്റഡിയിൽ ആയെന്ന് സ്ഥിരീകരിച്ചു. രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യലിനു വിധേയമാക്കുന്നതായും കണ്ടെത്തി. ദിവസം ആറ് മണിക്കൂർ വരെ കൃത്രിമ വെളിച്ചമുള്ള ജനാലകളില്ലാത്ത അടച്ചിട്ട മുറിയിൽ മിൻ സിൻ ചോദ്യം ചെയ്യലിനു വിധേയനാകുന്നു എന്നാണ് ‘വാഷിങ്ടൻ പോസ്റ്റിന്റെ’ റിപ്പോർട്ടിലുള്ളത്. തടവിലാക്കപ്പെട്ടതിനുശേഷം മിൻ സിൻ മൂന്ന് തവണ യുഎസ് കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കണ്ടിട്ടുണ്ട്. മ്യാൻമറിൽനിന്നും യുഎസിലേക്ക് കുടിയേറിയ മിൻസിൻ എങ്ങനെയാണ് ചൈനയുടെ സംശയ പട്ടികയിൽ ഉൾപ്പെട്ടതെന്ന് വ്യക്തമല്ല. മുൻപ് 2025ലും മിൻ സിൻ ചൈനയിൽ പോയിട്ടുണ്ട്.