ചണ്ഡിഗഡ് ∙ പഞ്ചാബിലെ പ്രമുഖ സമൂഹമാധ്യമ ഇൻഫ്ലുവൻസർ മൻജീത് കൗറിന്റെ (28) മരണം സംബന്ധിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ചികിത്സയിലിരിക്കെ മൻജീത് കൗർ റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന ഒരു വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് പിന്നാലെയാണിത്. വിഡിയോയിൽ, മൻജീത് സംഭവത്തെക്കുറിച്ച് വിവരിക്കുകയും തന്നെ ജീവനോടെ കത്തിക്കാൻ ശ്രമം നടന്നതായി പറയുകയും ചെയ്യുന്നുണ്ട്. ‘ഇന്ന് നിങ്ങൾ എന്നെ കാണുന്ന ഈ അവസ്ഥ… സുർജിത്, ഷുഭി, നേഹ, ശുഭിയോടൊപ്പം മറ്റു രണ്ട് പുരുഷന്മാർ എന്നിവരെല്ലാം ചേർന്ന് എന്നെ കത്തിച്ചു കളഞ്ഞു. എന്നോട് ഇത് ചെയ്തവർക്ക് എത്രയും പെട്ടെന്ന് ശിക്ഷ നൽകണമെന്ന് ഞാൻ അധികാരികളോട് അപേക്ഷിക്കുന്നു’ – മൻജീത് കൗർ വിഡിയോയിൽ പറഞ്ഞു.
ജൂലൈ 3ന് രാത്രിയാണ് മഞ്ജീത് കൗറിനെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിനിരയാക്കിയത്. വിവരമറിഞ്ഞെത്തിയ മഞ്ജീതിന്റെ മറ്റൊരു പരിചയക്കാരനാണ് പുതപ്പ് ഉപയോഗിച്ച് തീ അണച്ച് മൻജീതിനെ രക്ഷിക്കാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് മൻജീതിനെ ആദ്യം മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (പിജിഐഎംഇആർ) മാറ്റി. ആശുപത്രിയിൽ വച്ച് ബോധം തെളിഞ്ഞ മഞ്ജീത് ഓഗസ്റ്റ് 5 നാണ് തനിക്ക് നേരിട്ട ദുരാനുഭവം കുടുംബത്തോട് വിവരിച്ചത്. മഞ്ജീത് മൊഴി നൽകാൻ തയ്യാറായിരുന്നുവെന്നും ആശുപത്രിയില്‍ നിന്നും പൊലീസിന് ഈ വിവരം കൈമാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ മൊഴിയെടുക്കാൻ എത്തിയില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. അതിനു ശേഷമാണ് മഞ്ജീത് വിഡിയോ റെക്കോർഡ് ചെയ്തതെന്നാണ് സൂചന. രണ്ടു മാസത്തോളം മരണത്തോട് മല്ലിട്ട മൻജീത് കൗർ, ഓഗസ്റ്റ് 26 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
കുടുംബം നൽകിയ പരാതിയിൽ ചണ്ഡിഗഡ് പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികളുടെ പേര് പരാമർശിച്ച് മൻജീത് കൗറിന്റെ വിഡിയോ പുറത്തുവന്നത്. വിഡിയോയുടെ ആധികാരികതയും റെക്കോർഡ് ചെയ്ത സാഹചര്യങ്ങളും മൻജീത് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, കേസുമായി ബന്ധപ്പെട്ട് പിന്ദ എന്ന് അറിയപ്പെടുന്ന പർമിന്ദർ സിങ്ങിനെ ചണ്ഡിഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ റിങ്കുവിന്റെ കൂട്ടാളിയാണ് പിന്ദയെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിലേക്കും മൻജീതിന്റെ മരണത്തിലേക്കും നയിച്ച സംഭവങ്ങളുടെ ക്രമം കണ്ടെത്താൻ അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യുകയാണ്. ഒളിവിൽ കഴിയുന്ന റിങ്കുവിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊല ചെയ്യപ്പെടുമ്പോൾ മഞ്ജീത് കൗർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. വിവാഹമോചിതയായ മഞ്ജീതിന് ഏഴു വയസുള്ള മകനുണ്ട്. ഫാഷൻ, ലൈഫ് സ്റ്റൈൽ വിഡിയോകൾ പങ്കുവെച്ച് ശ്രദ്ധേയയായ മഞ്ജീതിനെ ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.






