Headlines

അനാവശ്യ താരതമ്യം മുതല്‍ ഗ്യാസ് ലൈറ്റിങ് വരെ; നിങ്ങളെ വളര്‍ത്തിയത് ഒരു നാര്‍സിസ്റ്റിക് പേരന്റാണോ?

 

തന്റെ മുന്‍ സുഹൃത്തിനെക്കുറിച്ച് നടി അനുപമ പരമേശ്വരന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പങ്കാളികളിലെ നാര്‍സിസിസ്റ്റിക് പേര്‍സണാലിറ്റി ഡിസോര്‍ഡറിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വലിയ ചര്‍ച്ചകളും അവബോധങ്ങളുമുണ്ടാക്കി. എന്നാലും അത്രയും തന്നെ അല്ലെങ്കില്‍ അതിനേക്കാള്‍ ഭീകരമാണ് നാര്‍സിസിസ്റ്റിക്കിയായ മാതാപിതാക്കള്‍ വളര്‍ത്തുന്നവര്‍ നേരിടേണ്ടി വരുന്നത്. നാര്‍സിസിസ്റ്റിക് പേരന്റിംഗിന്റെ വലിയ ഇരകള്‍ കുട്ടികളാണെന്നതാണ് ഏറ്റവും ഭീകരം. അത് അവരുടെ കുട്ടിക്കാലത്തെ മോശമാക്കുക മാത്രമല്ല ചെയ്യുന്നത്. ഇതിന്റെ ഇരള്‍ ജീവിതകാലത്തുടനീളം അതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടിയും വരും. നിങ്ങളുടെ മാതാപിതാക്കള്‍ നാര്‍സിസിസ്റ്റിക് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരാണോ എന്ന് അതിന്റെ താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഒത്തുനോക്കി മനസിലാക്കാം. ഇതില്‍ ഒരു ലക്ഷണം ഉള്ളത് കൊണ്ട് മാത്രം നിങ്ങളെ വളര്‍ത്തിയത് ഒരു നാര്‍സിസിസ്റ്റ് ആണെന്ന് അര്‍ഥമില്ല. എന്നാല്‍ ഇതില്‍ നിരവധി ലക്ഷണങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കുണ്ടെങ്കില്‍ അവര്‍ നാര്‍സിസിസ്റ്റിക് പേര്‍സണാലിറ്റി ഡിസോര്‍ഡര്‍ ഉള്ളവരാകാന്‍ സാധ്യതയുണ്ടെന്നാണ് അര്‍ഥം. (Signs of a Narcissistic Parent)

 

 

ഗ്യാസ് ലൈറ്റിങ്

 

കുഞ്ഞുങ്ങളുടെ യാഥാര്‍ഥ്യത്തെ തീര്‍ത്തും അംഗീകരിക്കാതിരിക്കാനോ അല്ലെങ്കില്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് അത് അട്ടിമറിക്കാന്‍ ശ്രമിക്കുകയോ ചെയ്യുക. ഉദാഹരണത്തിന് ചില ഓര്‍മകള്‍, അവരുടെ ചില അനുഭവങ്ങള്‍ ഒക്കെ പറയുമ്പോള്‍ രക്ഷിതാവ് ഇതൊക്കെ എപ്പോള്‍ നടന്നു? അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് കുട്ടികള്‍ തന്നെ അവരുടെ ഓര്‍മയെ സംശയിക്കുന്ന നിലയുണ്ടാക്കുക. നിന്നെക്കൊണ്ട് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, നീ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടിയിട്ടാണ് ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടേയില്ല, നീ വളരെ സെന്‍സിറ്റീവായത് കൊണ്ടാണ് ഇതില്‍ ഇത്ര വിഷമിക്കാന്‍ ഒന്നുമില്ല എന്നൊക്കെ നിരന്തരം പറഞ്ഞ് കുട്ടികള്‍ക്ക് അവരെ കുറിച്ച് സ്വയമുള്ള ധാരണകളെ അവര്‍ സംശയിക്കുന്ന നിലയിലാക്കുക.

മറ്റൊരു വ്യക്തിയല്ല, എന്റെ മറ്റൊരു വേര്‍ഷനാണ്

 

സ്വന്തം കുട്ടികളെ മറ്റൊരു വ്യക്തിയായി കാണാതെ അവരെ തന്റെ തന്നെ ഒരു തുടര്‍ച്ചയായി കാണുക. രക്ഷിതാവിന് ചെറുപ്പത്തിലുണ്ടായ സ്വപ്‌നം മക്കളിലൂടെ സാധിച്ച് കാണണമെന്ന് വാശിപിടിക്കുക, അവര്‍ ആകാതെ പോയതെല്ലാം ആക്കാന്‍ വാശിപിടിക്കുക, അവരുടെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് ഒരു വിലയും കൊടുക്കാതിരിക്കുക, എന്തിനും ഏതിനും മക്കളുടെ ജീവിതത്തെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുക, കുട്ടികളില്‍ അനാവശ്യ മത്സരബുദ്ധിയും പരാജയഭീതിയും സൃഷ്ടിക്കുക.

 

അകം പുറം

 

പുറമേ നിന്ന് കാണുന്നവര്‍ക്ക് നാര്‍സിസ്റ്റിക് പേരന്റ് കുട്ടികളുടെ ഭാഗ്യമാണെന്ന് തോന്നും. എല്ലാവരോടും വളരെ നന്നായി പെരുമാറും. കുട്ടിയും താനും എത്ര അടുപ്പത്തിലാണെന്ന് പുറത്തുള്ളവരെ വിശ്വസിപ്പിക്കും. പക്ഷേ വീടിനുള്ളില്‍ അല്ലെങ്കില്‍ മുറിക്കുള്ളില്‍ അവരുടെ സ്വഭാവം മാറും. എന്തിനും കുട്ടികളെ വിമര്‍ശിക്കും. നിരന്തരം വഴക്ക് പറയും. പുറത്ത് കണ്ട ആളേയാകില്ല അവര്‍ വീടിനുള്ളില്‍.

 

മാനിപ്പുലേഷന്‍

 

നാര്‍സിസിസ്റ്റിക് രക്ഷിതാക്കളുടെ മാനിപ്പുലേഷന് കുറച്ച് ഉദാഹരണങ്ങള്‍ നോക്കാം.

 

കുറ്റബോധമുണ്ടാക്കല്‍: ഞാന്‍ നിനക്ക് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ നിനക്ക് അറിയില്ല, ഇത്രയൊക്കെ ഞാന്‍ നിനക്ക് വേണ്ടി ചെയ്തിട്ടും നീ എന്നോട്….

 

കുറ്റം ചാര്‍ത്തല്‍: നീ ജനിച്ച ശേഷം ഞാന്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല

 

അപമാനിക്കല്‍: നിന്റെ ഇന്നത്തെ വേഷവും രൂപവും കാരണം നമ്മുടെ കുടുംബം മുഴുവന്‍ ഇത്രയും ആളുകളുടെ മുന്നില്‍ നാണം കെട്ടു

 

താരതമ്യം: നിന്റെ പ്രായത്തില്‍ എനിക്കെന്തൊരു നിറമായിരുന്നു, നിന്നെ കണ്ടാല്‍ എന്റെ കുട്ടിയാണെന്ന് ആരും പറയില്ല

 

സമ്മര്‍ദത്തിലാക്കല്‍: നീ ഈ കാര്യം ചെയ്ത് ജയിച്ചാല്‍ മാത്രമേ എനിക്ക് ബാക്കിയുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റൂ.

 

ശിക്ഷ: ഞാന്‍ പറഞ്ഞ ആളെയല്ലല്ലോ നീ വിവാഹം ചെയ്തത്, അതുകൊണ്ട് തന്നെ പ്രശ്‌നമുണ്ടായാല്‍ എന്റെയടുത്ത് നിന്ന് നീ ഒരു സഹായവും പ്രതീക്ഷിക്കേണ്ട