Headlines

ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്, പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെ; കാന്തപുരം വിഷയത്തിൽ കമന്റ് ചെയ്യില്ലെന്ന് കെ.എം ഷാജി

 

വയനാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോടുള്ള പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞുമാറി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. ഒന്നും പറയാനില്ലെന്ന് നേരത്തെ പറഞ്ഞതാണ്. കാന്തപുരം വിഷയത്തിൽ കമന്റ് ചെയ്യില്ല. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യട്ടെ. മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതികരണം നടത്താൻ താല്പര്യമില്ല. ഒരു സ്റ്റേറ്റ്മെന്റ് വാങ്ങുക പ്രധാന വിഷയങ്ങൾ മാറ്റി വെക്കുക.

 

 

സോഷ്യൽ മീഡിയയിൽ ഇട്ട് എന്റെ മെക്കിട്ട് കേറുക, അങ്ങനെ വേണ്ട, പ്രധാന വിഷയങ്ങൾ ചർച്ചയാവട്ടെ. ഞാൻ കമന്റ് ചെയ്യുന്നില്ലെന്നും കെ എം ഷാജി പ്രതികരിച്ചു. പരാമർശം സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് പോലും മറുപടി പറയാൻ അദ്ദേഹം തയ്യാറായില്ല. മുണ്ടക്കൈ ചൂരൽമല പുനരധിവാസം കാലതാമസം ഇല്ല. ഘട്ടം ഘട്ടമായി നടപ്പാക്കും. ഊരാളുങ്കൽ അലംഭാവം ഉണ്ട്. തൊഴിലുറപ്പ് വേതനം, എല്ലം തീർപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയിൽ 2500 കോടി വകയിരുത്തിയെന്നും കെ എം ഷാജി വ്യക്തമാക്കി.

 

കഴിഞ്ഞ ദിവസമാണ് സ്ത്രീകൾക്കെതിരെയുള്ള കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ ആവർത്തിച്ചുള്ള പരാമർശം ഉണ്ടായത്. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് തടയുന്നതിന് കാരണം അവരോടുള്ള ബഹുമാനമാണെന്ന വിചിത്ര നിലപാടും കാന്തപുരം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.