സ്വർണവില വിവാഹാവശ്യത്തിന് ഉൾപ്പെടെ ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് വലിയ ആശ്വാസം സമ്മാനിച്ച് കുത്തനെ ഇടിഞ്ഞു. കേരളത്തിൽ ഇന്ന് രാവിലെ വില ഗ്രാമിന് 280 രൂപ താഴ്ന്ന് 13,935 രൂപയായി. 2240 രൂപ കുറഞ്ഞ് 1,11,480 രൂപയാണ് പവൻവില. ഒരാഴ്ചയ്ക്ക് മുൻപ് പവന് 1,20,240 രൂപയായിരുന്നു കൊടുക്കേണ്ടിയിരുന്നത്. തുടർന്ന് ഇതുവരെ ഇടിഞ്ഞത് 8800 രൂപയോളം. നിക്ഷേപമായികണ്ട് സ്വർണത്തിൽ വൻതോതിൽ പണമിട്ടവർക്ക് വലിയ തിരിച്ചടിയാണ് ഈ വിലിയിടിവ്. സ്വർണം വിറ്റോ പണയംവച്ചോ സാമ്പത്തികാവശ്യം നിറവേറ്റാൻ ശ്രമിക്കുന്നവർക്കും വിലയിടിവ് ആഘാതമാണ്.
രാജ്യാന്തര വില ‘ട്രിപ്പിൾ’ ഷോക്കിൽ മൂന്നാഴ്ചത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തിയതാണ് കേരളത്തിലും വില കുറയാൻ ഇടയാക്കുന്നത്. ഒന്ന്, ഇറാനും യുഎസും തമ്മിൽ വീണ്ടും യുദ്ധം തുടങ്ങിയതിനെ തുടർന്ന് രാജ്യാന്തര ക്രൂഡോയിൽ വില 96 ഡോളറിലെത്തി. ഇതോടെ ആഗോളതലത്തിൽ പണപ്പെരുപ്പപ്പേടി കൂടുതൽ കനത്തു. രണ്ട്, അമേരിക്കയിൽ കുതിച്ചുകയറാൻ ഒരുങ്ങിനിൽക്കുന്ന ‘പലിശ ഭൂത’ത്തിന് കൂടുതൽ ആവേശമാണ് എണ്ണയുടെ വിലക്കയറ്റവും ലോകത്തിന്റെ പണപ്പെരുപ്പപ്പേടിയും.
അമേരിക്കയിൽ പലിശകൂടുമെന്ന പ്രതീതി നിൽക്കേതന്നെ ഡോളറും ബോണ്ട് യീൽഡും മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. ഇതിനെ കൂടുതൽ ആളിക്കത്തിക്കുകയാണ് നിലവിലെ യുദ്ധവും എണ്ണവില മുന്നേറ്റവും. മൂന്ന്, ബോണ്ടിൽ പണമിട്ടാൽ സ്വർണത്തേക്കാളും വലിയ നേട്ടമുണ്ടാക്കാമെന്ന് കരുതുന്ന നിക്ഷേപകർ, ഗോൾഡ് ഇടിഎഫിൽ നിന്നും മറ്റും പണംപിൻവലിച്ച് (ഗ്ലോവൽ സെൽ-ഓഫ്/വിറ്റൊഴിയൽ സമ്മർദം) ബോണ്ടുകൾ (കടപ്പത്രങ്ങൾ) വാങ്ങിക്കൂട്ടാൻ തുടങ്ങി. അമേരിക്കയിലും ജപ്പാനിലുമെല്ലാം കടപ്പത്ര ആദായനിരക്ക് (ബോണ്ട് യീൽഡ്) കുതിച്ചുകയറുകയാണ്. ഇത് സ്വർണ, ഓഹരി നിക്ഷേപങ്ങളുടെ തിളക്കം കെടുത്തുന്നു.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വാങ്ങലും വിൽക്കലും നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളർ ശക്തിയാർജ്ജിക്കുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് സ്വർണം ഇറക്കുമതി വലിയ സാമ്പത്തിക ചെലവുള്ളതാകും. ഇത് സ്വർണ ഡിമാൻഡിനെ ബാധിക്കുമെന്നതും വിലയിടിവിനൊരു കാരണമാണ്. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് വേണ്ടെന്നുവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. സ്വർണത്തിന്റെ ഇറക്കുമതി കൂടിയാൽ അതിനനുസരിച്ച് ഇന്ത്യയുടെ വിദേശനാണയ ശേഖരം കുറയും. ഇത് രാജ്യത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കും. രൂപയുടെ മൂല്യവും ഇടിയും.
പ്രതികൂല സാഹചര്യത്തെ തുടർന്ന് രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 100ലേറെ ഡോളർ ഇടിഞ്ഞ് 4300 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച വില 4650 ഡോളറിനടുത്തായിരുന്നു. ആഗോള സാഹചര്യം കൂടുതൽ കലുഷിതമായാൽ രാജ്യാന്തര സ്വർണവില 3920 ഡോളറിലേക്ക് വീണേക്കുമെന്ന് വിലയിരുത്തലുണ്ട്. അങ്ങനെ സംഭവിച്ചാൽ, കേരളത്തിൽ പവൻവില നിലവിലെ 1.11 ലക്ഷം രൂപയിൽ നിന്ന് 1.05 ലക്ഷം രൂപയിലേക്ക് ഇടിയും. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 230 രൂപ ഇടിഞ്ഞ് 11,450 രൂപയായി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് വെള്ളിവിലയും താഴുകയാണ്. ഔൺസിന് 1.7% താഴ്ന്ന് 63.7 ഡോളറാണ് രാജ്യാന്തര വില. കേരളത്തിൽ ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപ.









