Headlines

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; കുത്തിയ സ്ത്രീയെ പൊലീസ് വെടിവച്ചുകൊന്നു

 

ന്യൂയോർക്ക് ∙ നഗരത്തിലെ പേരുകേട്ട ടൂറിസ്റ്റ് കേന്ദ്രമായ ടൈംസ് സ്ക്വയറിൽ ന‌ടന്ന കത്തിയാക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക ബിസിനസ് സിലക്‌ഷൻ വിഭാഗം വൈസ് പ്രസിഡന്റ് എറിൻ പിയാചെന്റി (32) മരിച്ചു. എറിൻ ഉൾപ്പെടെ 2 പേരെ കുത്തിയ ക്വീൻസ് സ്വദേശിനിയായ പാമല(49)യെ പൊലീസ് വെടിവച്ചു കൊന്നു. ഇവർ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സ തേടിയിരുന്നതായി സ്ഥിരീകരിച്ചു.

തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു ആക്രമണം. അടുക്കളയിൽ ഉപയോഗിക്കുന്നതരം 2 കത്തികളുമായി ടൈംസ് സ്ക്വയറിലെത്തിയ പാമല, റോഡ് കുറുകെ കടക്കാനായി ഭാര്യയ്ക്കൊപ്പം കാത്തുനിന്ന 68 വയസ്സുകാരനെയാണ് ആദ്യം കുത്തിയത്. തുടർന്ന് നടന്നുനീങ്ങിയ ഇവരുടെ മുന്നിൽപ്പെട്ടത് എറിനായിരുന്നു. വയറ്റിൽ കുത്തേറ്റ് അതീവഗുരുതര നിലയിൽ എറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.