സ്വർണവില വൻ ഇടിവിന് വിരാമമിട്ട് ഇന്ന് കേരളത്തിൽ നേരിയതോതിൽ ഉയർന്നു. ഗ്രാമിന് വില 15 രൂപ വർധിച്ച് 14,385 രൂപയായി. 120 രൂപ ഉയർന്ന് പവൻ വില 1,15,080 രൂപയിലുമെത്തി. യുഎസിൽ അടിസ്ഥാന പലിശനിരക്ക് കൂടാനുള്ള സാധ്യതകൾ വരുംദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. രാജ്യാന്തര വില 1.8 ഡോളർ മാത്രം ഉയർന്ന് ഔൺസിന് 4432 ഡോളറിലാണുള്ളത്.
ഇതിനിടെ, സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്തെത്തി. വിനാശം പ്രവചിച്ചവർ തോറ്റമ്പിയെന്നും ഇന്ത്യ വീണ്ടും തഴച്ചുവളരുകയാണെന്നും ഇന്ത്യയുടെ 7.8% ജിഡിപി വളർച്ചയെ ചൂണ്ടിക്കാട്ടിയുള്ള ‘സെൽഫി വിഡിയോ’യിൽ മോദി പറഞ്ഞു. ആത്മനിർഭരത (സ്വയംപര്യാപ്തത) പ്രോത്സാഹിപ്പിക്കണമെന്നും പരമാവധി സ്വദേശി ഉൽപന്നങ്ങൾ വാങ്ങണമെന്നും മോദി പറഞ്ഞു.‘‘വിദേശ യാത്ര ആനന്ദത്തിന് വേണ്ടിയാണെങ്കിൽ നിങ്ങൾ പോകരുത്. വിദേശത്ത് കല്യാണം കഴിക്കാനാണ് തീരുമാനമെങ്കിൽ അതുമൊഴിവാക്കണം. ഇനി, അത്യാവശ്യമില്ലെങ്കിൽ നിങ്ങൾ സ്വർണവും വാങ്ങരുത്’’, മോദി വിഡിയോയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ മുറുകെപ്പിടിച്ചാൽ സ്വാതന്ത്ര്യത്തിന്റെ 100-ാം വർഷത്തോടെ നമ്മുടെ യുവതലമുറയ്ക്ക് വികസിത ഇന്ത്യയെ സമ്മാനിക്കാൻ നമുക്ക് കഴിയുമെന്നും മോദി പറഞ്ഞു. മോദി നിലവിൽ ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാനായി കിർഗിസ്ഥാനിലാണുള്ളത്.
ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വില ഉയരുകയും ഇന്ത്യയുടെ വിദേശനാണയ ശേഖരവും രൂപയുടെ മൂല്യവും സമ്മർദം നേരിടുകയും ചെയ്തപ്പോൾ ‘സ്വർണം വാങ്ങുന്നത് ഒഴിവാക്കൂ’ എന്ന് മോദി കഴിഞ്ഞ മേയിലും ആഹ്വാനം ചെയ്തിരുന്നു. മോദിയുടെ ആഹ്വാനത്തിന് പിന്നാലെ കേന്ദ്രസർക്കാർ സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്ക് കൂട്ടുകയും ചെയ്തിരുന്നു. മോദി ഇന്ന് ആഹ്വാനം ചെയ്തത് ഇങ്ങനെ:
പ്രധാനമായും 6 കാര്യങ്ങളാണ് മോദി പറഞ്ഞത്:
1) വർക്ക് ഫ്രം ഹോം: ഇന്ധന ഉപഭോഗം നിയന്ത്രിക്കാനായി പരമാവധി വർക്ക് ഫ്രം ഹോം നടപ്പാക്കുക.
2) യോഗം ഓൺലൈനിൽ: മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കുക.
3) പെട്രോളും ഡീസലും വാങ്ങുന്നത് കുറയ്ക്കുക: ഇറക്കുമതി ആശ്രയത്വം കുറയ്ക്കേണ്ടതുണ്ട്. ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക.
4) വിദേശയാത്ര ഒഴിവാക്കൂ: വിദേശനാണയ ശേഖരം സംരക്ഷിക്കണം. അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കൂ.
5) സ്വർണം അത്യാവശ്യത്തിന് മാത്രം: അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക. സ്വർണം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണ്.
6) പൊതുഗതാഗതം പ്രയോജനപ്പെടുത്തുക: പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. കാർ പൂളിങ് പ്രയോജനപ്പെടുത്താം. ഒരേസ്ഥലത്തേക്ക് ഓരോരുത്തരും ഓരോ കാറിൽ പോകുന്നതിന് പകരം, പറ്റുമെങ്കിൽ ഒരുകാറിൽ പോകാൻ ശ്രമിക്കുക.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 11,815 രൂപയായി. വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയിലുമെത്തി. 14 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ ഉയർന്ന് 9205 രൂപയാണ്. 9 കാരറ്റ് വില ഗ്രാമിന് 5 രൂപ വർധിച്ച് 5935 രൂപ.









