Headlines

‘ആദ്യം പേടിച്ചു, പിന്നാലെ ആശംസ’; ദുബായ് പൊലീസിന്റെ ‘സ്നേഹചുംബനം’ വാങ്ങി വൈറലായ ആ മലയാളി കുരുന്നു ദാ ഇവിടെയുണ്ട്!

 

 

ദുബായ് ∙ പട്ടുപാവാടയണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, കൈയിൽ പൂക്കൂടയുമായി നിൽക്കുന്ന കുഞ്ഞ്. തൊട്ടുമുന്നിൽ ദുബായ് പൊലീസിന്‍റെ ജീപ്പ്. പൊലീസിനെ കണ്ടതോടെ അൽപം മാറിനിന്ന കുഞ്ഞിനെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ച് ജ്യൂസ് നൽകുന്ന ഉദ്യോഗസ്ഥൻ. ഒടുവിൽ നെറുകയിൽ ഒരു സ്നേഹമുത്തവും. ഓണദിനത്തിലെ ഈ ഹൃദ്യമായ കാഴ്ച സമൂഹമാധ്യമത്തിൽ വൈറലാണ്. പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനുളളില്‍ 10 മില്ല്യൻ ആളുകളാണ് വിഡിയോ കണ്ടത്.ഖിസൈസിലെ അൽ തവാർ പാർക്കിന് സമീപത്തെ പാർക്കിങ് ഭാഗത്താണ് മൂന്ന് വയസ്സുകാരി ജന്മയ്ക്ക് മറക്കാനാവാത്ത ഈ ഓണസമ്മാനം ലഭിച്ചത്. അച്ഛൻ ജോമോൻ ജോണി, അമ്മ ലിൻസി, സഹോദരി ജൊഹാന എന്നിവർക്കൊപ്പം ഓണം ആഘോഷിക്കാനായി അവിട്ടം ദിനത്തില്‍ രാവിലെ പുറത്തിറങ്ങിയതായിരുന്നു ജന്മ.ഫോട്ടോ എടുക്കുന്നതിനിടെ ദുബായ് പൊലീസിന്‍റെ ജീപ്പ് ഇവരുടെ സമീപത്തെത്തി. ലിന്‍സിയോടാണ് പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചത്. കുഞ്ഞു ജന്മയ്ക്ക് പൊലീസിനെ കണ്ടാൽ അൽപം പേടിയാണെന്ന് ലിന്‍സി ഉദ്യോഗസ്ഥനോട് പറഞ്ഞു. പിന്നെ സംഭവിച്ചത് കുഞ്ഞിന്‍റെ പേടി മാറ്റുന്ന മനോഹരമായൊരു കാഴ്ചയായിരുന്നു.ജീപ്പിലിരുന്ന ഉദ്യോഗസ്ഥൻ കൈയ്യിൽ ഒരു ജ്യൂസുമായി പുറത്തിറങ്ങി. ജന്മയെ സ്നേഹത്തോടെ അടുത്തേക്ക് വിളിച്ചു. ആദ്യം അൽപം മാറിനിന്ന കുഞ്ഞ് പതിയെ ഉദ്യോഗസ്ഥന്‍റെ അടുത്തെത്തി. തുടർന്ന് അദ്ദേഹം ജ്യൂസും സമ്മാനിച്ച് ജന്മയുടെ നെറുകയിൽ സ്നേഹത്തോടെ മുത്തമിടുകയും ചെയ്തു. ആ മനോഹര നിമിഷങ്ങള്‍ ജോമോന്‍ തന്നെയാണ് ക്യാമറയിൽ പകർത്തിയത്.

അധികം സമയം എടുത്തില്ല വിഡിയോ വൈറലാകാൻ. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ 6 മില്ല്യനിലധികം പേരാണ് വിഡിയോ കണ്ടത്. കുഞ്ഞിന്‍റെ നിഷ്കളങ്കതയും പൊലീസ് ഉദ്യോഗസ്ഥന്‍റെ കരുതലും നിറഞ്ഞ നിമിഷത്തിന് സമൂഹമാധ്യമത്തിൽ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

കൊല്ലം സ്വദേശിയായ ജോമോൻ 2019-ലാണ് യുഎഇയിലെത്തിയത്. ദുബായിലെ ഒരു സ്ഥാപനത്തിൽ സെയിൽസില്‍ ജോലി ചെയ്യുകയാണ്. ഭാര്യ ലിൻസി നഴ്സാണ്. മൂത്ത മകൾ ജൊഹാന വിദ്യാർഥിനിയാണ്. ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച ഈ സ്നേഹസമ്മാനം ജന്മയുടെ കുടുംബത്തിന് മറക്കാനാവാത്ത ഓർമ്മയായി.