ചെന്നൈ ∙ കൈലാസ് മാനസസരോവര്‍ യാത്രയ്ക്കായി പോയ തമിഴ്‌നാട്ടിൽ നിന്നുള്ള 21 തീര്‍ഥാടകർ നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹിമപാതത്തെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിൽ അവരുടെ വാഹനവ്യൂഹത്തെ തകർക്കുകയും തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന മൂന്നു ബസുകളിൽ രണ്ടെണ്ണത്തെ ഒഴുക്കിക്കൊണ്ടുപോവുകയും ചെയ്തതോടെ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ ഇവർ വിവരിച്ചു.
‘ഞങ്ങൾ ശിവന്‍റെ അനുഗ്രഹം വാങ്ങാനാണ് അവിടെയെത്തിയത്. പെട്ടെന്ന് നദീതീരത്ത് പുക ഉയരുന്നത് കണ്ടു. സ്ഫോടനമാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഇരച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ ഞങ്ങളുടെ വാഹനങ്ങൾ ശക്തമായി ഉലഞ്ഞു. മുന്നിലും പിന്നിലുമുണ്ടായിരുന്ന വാഹനങ്ങൾക്കിടയിൽ ഞങ്ങളുടെ ബസ് കുടുങ്ങിക്കിടന്നു. ഞങ്ങൾ ഡ്രൈവറുടെ സീറ്റിലൂടെ പുറത്തുകടന്ന് ഒരു ചെറിയ കുന്നിൻ മുകളിലേക്ക് വലിഞ്ഞുകയറി. സായുധ റിസർവ് പൊലീസ് ക്യാമ്പുണ്ടായിരുന്ന പ്രദേശമായിരുന്നു അത്. പൊലീസ് സംഘം ഞങ്ങളെ അവിടെ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വൈകാതെ രണ്ടു വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു’ – തീര്‍ഥാടക സംഘത്തിൽ അംഗമായിരുന്ന വിജയഭുവനേശ്വരി പറഞ്ഞു. വീട്ടിൽ തിരിച്ചെത്താനാവുമെന്ന് തൊണ്ണൂറ് ശതമാനവും വിശ്വസിച്ചിരുന്നില്ലെന്നും ആ നിമിഷങ്ങളിൽ മകളെക്കുറിച്ച് മാത്രമാണ് ചിന്തിച്ചതെന്നും അവർ പറഞ്ഞു.
കാത്തുനിന്ന കുടുംബാംഗങ്ങൾക്കും ബന്ധുക്കളും മുന്നിലേക്ക് തീര്‍ഥാടകർ എത്തിയതോടെ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ചെന്നൈ വിമാനത്താവളം സാക്ഷ്യം വഹിച്ചത്. ഏകദേശം 400 തമിഴ്നാട് സ്വദേശികൾ നേപ്പാളിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകാമെന്ന് വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പറഞ്ഞു. ഇവരിൽ 140 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയെന്നും കുറഞ്ഞത് 80 പേരെ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയവരെ കഠ്മണ്ഡുവിലേക്കും തുടർന്ന് ഇന്ത്യയിലേക്കും കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷപ്പെടുത്തിയ തീര്‍ഥാടകരുടെ മടങ്ങിവരവ് ഏകോപിപ്പിക്കാൻ തമിഴ്നാട്ടിൽ നിന്നുള്ള നാലു മന്ത്രിമാരുടെ സംഘത്തെ ഡൽഹിയിലേക്ക് അയച്ചിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ബസ്സി ആനന്ദ് പറഞ്ഞു.






