തിരുവനന്തപുരം∙ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ള തൃശൂർ കരുമാത്ര സ്വദേശിയായ, ബ്രൂണെയിൽ കഴിയുന്ന ദാമോദര മേനോനെ കേരളത്തിൽ എത്തിച്ച് ചികിത്സയും താമസസൗകര്യവും ഒരുക്കാൻ നോർക്ക റൂട്ട്‌സ് കഴിഞ്ഞ മാസം ഇടപെടൽ നടത്തിയിരുന്നു. മേനോന്റെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം തയാറാകാത്ത സാഹചര്യത്തിലായിരുന്നു നോർക്കയുടെ ഇടപെടൽ. ബ്രൂണെ ദാരുസ്സലാമിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂറക്കനാട് ദാമോദര മേനോനെ സഹായിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു കാട്ടി നോർക്ക സർക്കാരിനു ജൂലൈ 2ന് കത്തു നൽകിയത്.ദാമോദര മേനോൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നും കിഡ്‌നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണെന്നും കത്തിൽ പറയുന്നു. സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈകമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് മേനോൻ കഴിയുന്നത്. അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം തയാറാകാത്ത സാഹചര്യത്തിൽ പരിചരണവും താമസസൗകര്യവും അടിയന്തരമായി ആവശ്യമാണ്. ഇതിനു പുറമേ ദീർഘകാല പുനരധിവാസം അനിവാര്യമാണെന്നും ഹൈക്കമ്മിഷൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേനോന് കേരളത്തിൽ താമസസൗകര്യവും ചികിത്സാ സൗകര്യവും ഒരുക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് നോർക്ക കഴിഞ്ഞ മാസം കത്തു നൽകിയത്.രോഗങ്ങളും ഓർമ്മക്കുറവും അലട്ടുന്ന മേനോനെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ ഹൈക്കമ്മിഷനും ബ്രൂണയിലെ സന്നദ്ധസംഘടനാ പ്രവർത്തകരും ശ്രമം നടത്തുന്നതിനിടെയാണ് സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട വിവാദം ഉയരുന്നത്. വാടക നൽകാൻ പോലും പണമില്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലായ മേനോന് സഹായം ആവശ്യമാണെന്ന് ജൂണിലാണ് ബ്രൂണയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ സന്നദ്ധസംഘടനകളെയും മറ്റും അറിയിച്ചത്. വാടക നൽകാത്തതിനാൽ വീട്ടുടമസ്ഥയായ ചൈനീസ് യുവതിയാണ് മേനോനെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ എത്തിച്ചത്.തുടർന്ന് സന്നദ്ധ പ്രവർത്തകർ ഇദ്ദേഹത്തിന്റെ പാസ്‌പോർട് വിവരങ്ങൾ ശേഖരിച്ച് മലേഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ കഴിയുന്ന മക്കളെയും ഭാര്യയെയും ബന്ധപ്പെട്ടു. എന്നാൽ അവരാരും മേനോനെ ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് നാട്ടിലുള്ള ബന്ധുക്കളെ കണ്ടെത്തി. മേനോന് നാട്ടിൽ വസ്തുവകകൾ ഉണ്ടെന്നും നാട്ടിലെത്തിച്ചാൽ നോക്കാമെന്നും ബന്ധുക്കൾ ഉറപ്പു നൽകി. തുടർന്നാണ് കമ്മിഷൻ നോർക്കയുമായി ബന്ധപ്പെട്ടത്.
‘സുകുമാരക്കുറുപ്പാക്കിയത്’ വാടക നൽകാൻ പണമില്ലാത്ത ദാമോദര മേനോനെ; നോർക്ക ശ്രമിച്ചത് കേരളത്തിലെത്തിച്ച് ചികിത്സിക്കാൻ






