അബുദാബി ∙ സ്കൂളുകളിൽ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ പൊതുമേഖലാ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് യുഎഇ. ഈ മാസം 31ന് സ്കൂളുകൾ തുറക്കുന്നതോടെ ജീവനക്കാർക്ക് ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സമില്ലാത്ത രീതിയിൽ ലളിതമായ സമയക്രമം തിരഞ്ഞെടുക്കാം.
ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് നടപ്പിലാക്കുന്ന ഫ്ലെക്ലിബിൾ തൊഴിൽ നയത്തിന്റെ ഭാഗമായി ജീവനക്കാർക്ക് ജോലിക്കെത്തുന്നതിലും മടങ്ങുന്നതിലും പ്രതിദിനം മൂന്ന് മണിക്കൂർ വരെ ഇളവ് ലഭിക്കും.
പ്രൈമറി സ്കൂൾ തലത്തിലും അതിനു മുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് സ്കൂൾ തുറക്കുന്ന ആദ്യ ദിനത്തിൽ തൊഴിൽ സമയത്തിൽ ഇളവ് നൽകും. വിവിധ സിലബസുകൾക്കനുസരിച്ച് അധ്യയന വർഷം ആരംഭിക്കുന്ന തീയതികളിലെ വ്യത്യാസവും ഇതിനായി പരിഗണിക്കും. അതേസമയം, നഴ്സറി, കിന്റർഗാർട്ടൻ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച മുഴുവൻ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
കുട്ടികളുടെ സ്കൂളുകളിലെ പിടിഎ യോഗങ്ങൾ, ബിരുദദാന ചടങ്ങുകൾ, മറ്റു പ്രത്യേക പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്നതിനായി ജീവനക്കാർക്ക് പ്രത്യേക ഇളവുകൾക്ക് അപേക്ഷിക്കാനും വ്യവസ്ഥയുണ്ട്. സർക്കാർ ഓഫീസുകളുടെ സേവന നിലവാരത്തെയോ പ്രവർത്തനത്തെയോ ബാധിക്കാത്ത രീതിയിലാണ് 2024 മുതൽ ഈ നയം രാജ്യത്ത് നടപ്പിലാക്കി വരുന്നത്.








