തിരുവനന്തപുരം ∙ സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം തന്നെ അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്ക് മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ഇല്ലാതെ അംഗീകാരമുള്ള മറ്റു സ്കൂളുകളിൽ ചേരുന്നതിന് ഈ അധ്യയന വർഷം കൂടി വിദ്യാഭ്യാസ വകുപ്പ് ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഈ ഇളവ് ലഭിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.അംഗീകാരമില്ലാത്ത സ്കൂളുകൾ പ്രവർത്തിക്കരുതെന്ന് 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കേരളത്തിൽ 765 സ്കൂളുകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. സിബിഎസ്ഇ ഉൾപ്പെടെ കേന്ദ്ര സർക്കാരിനു കീഴിലുള്ള മറ്റു ബോർഡുകളുടെ അംഗീകാരമുണ്ടെന്ന വ്യാജേനയാണ് ഇവയുടെ പ്രവർത്തനമെന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഈ സ്കൂളുകളിലെ കുട്ടികളോടാണ് അംഗീകാരമുള്ള മറ്റു സ്കൂളുകളിലേക്ക് മാറാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുന്നത്.






