പുറത്തെടുത്ത ഐസ്ക്രീം പോലെ അടർന്നു വീഴാനുള്ള പ്രവണത കാട്ടിത്തുടങ്ങിയിരിക്കുന്നു ഹിമാലയത്തിലെ മഞ്ഞുപാളികൾ. നേപ്പാളിലെ മിന്നൽ പ്രളയം ഹിമതടാക വിസ്ഫോടനം (Glacial Lake Outburst Flood- GOLF) ആണെന്ന നിഗമനത്തിലാണു ശാസ്ത്രലോകം. മഞ്ഞുരുകലും പ്രളയവും ഭീമാകാരമായ ഹിമപാതവും ചേർന്നുള്ള അവശിഷ്ടപ്രവാഹമാണ് ഈ ഹിമാലയൻ സൂനാമിക്കു പിന്നിലെന്ന് അവർ പറയുന്നു. നേപ്പാൾ പ്രളയത്തിനു പിന്നിലെ ഹിമാലയൻ മഞ്ഞുരുക്കത്തിന്റെ പങ്ക് എത്രത്തോളം എന്നതിനെപ്പറ്റി നേപ്പാളിലെയും ചൈനയിലെയും ഗവേഷകർ അന്വേഷണം ഊർജിതമാക്കി.
മഞ്ഞുമല (ഐസ് റോക്ക്) അടർന്നു വീണ് കെട്ടിക്കിടന്ന വെള്ളവും ചെളിയും സാഗരഗർജനം പോലെ പെട്ടെന്നു താഴേക്ക് ഒഴുകിവീണതാകാം ദുരന്തത്തിനു പിന്നിലെന്നാണ് കഠ്മണ്ഡു കേന്ദ്രമാക്കി ഹിന്ദുക്കുഷ്– ഹിമാലയത്തിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്മെന്റിന്റെ നിഗമനം. അര മണിക്കൂറിനുള്ളിൽ തൃശൂലി നദിയിൽ ജലനിരപ്പ് ഉയർന്നത് 9 മീറ്റർ. നേപ്പാൾ മിന്നൽ പ്രളയത്തിന്റെ കാരണങ്ങളെപ്പറ്റി നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫിസുമായും ചൈനീസ് അധികൃതരുമായും ചേർന്ന് ഐസിഐഎംഒഡി അടിയന്തര പഠനങ്ങൾക്കു തുടക്കമിട്ടു.
ഉരുളൻ പാറകളും ചെളിയും മണ്ണും മഞ്ഞുപാളികളും വെള്ളവും വൻ തീവ്രതയിൽ മലയിടുക്കുകളിലൂടെ താഴേക്ക് ഒഴുകി എത്തിയെന്നാണു നിഗമനം. പാറയിടിച്ചിലിൽ പല പ്രളയമാപിനികളും തകർന്നുപോയതായി ഗവേഷകർ പറഞ്ഞു. ഇതിനു മുൻപ് കണ്ടിട്ടില്ലാത്തത്ര മിന്നൽ വേഗത്തിലായിരുന്നു ഉരുളുകളുടെ സംഹാര പ്രവാഹം. മലയിടുക്കുകളിൽ പ്രവാഹ തടസ്സം സൃഷ്ടിച്ച് ആഴ്ചകളായി കെട്ടികിടക്കുന്ന പാറയും മണ്ണും ചെളിയും മറ്റും മഞ്ഞുരുകി എത്തുന്ന വെള്ളത്തെ കൂടി ഉൾക്കൊള്ളാനാവാതെ പെട്ടെന്ന് അണപൊട്ടി ഒഴുകുന്നതാണ് ഇത്തരം ഹിമതടാക വിസ്ഫോടനത്തിനു പിന്നിലെ യഥാർഥ കാരണമെന്ന് ഐസിഐഎംഒഡി ക്ലൈമറ്റ് മേധാവി ക്വാങ്ഗോങ് ഴാങ് വിശദീകരിച്ചു. ഇനിയും സമാന ഇടിച്ചിലിനു സാധ്യത ഉണ്ടെന്നും ഴാങ് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാമാറ്റ ഭീഷണി നേരിടുന്ന ലോകത്തിലെ ഏറ്റവും വലിയ പർവത നിരയാണ് എട്ടോളം രാജ്യങ്ങളിലായി 3,500 കി.മീ. നീളത്തിൽ കിടക്കുന്ന ഹിന്ദുക്കുഷ്–ഹിമാലയം. ലോകത്തെ ഏറ്റവും ഇളമുറ (യങ്) പർവതനിരയായ എച്ച്കെഎച്ചിനെ ജൈവവൈവിധ്യ ശോഷണം, മഞ്ഞുരുക്കം, കാലാവസ്ഥാ മാറ്റം, ഭൂചലനസാധ്യത തുടങ്ങിയ ഭിന്ന ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ ഹിമാലയത്തിലെ മഞ്ഞുരുക്കത്തിന്റെ തോത് ഇരട്ടിയായതായാണ് നിഗമനം. മഞ്ഞുരുക്കത്തെ നിരീക്ഷിച്ച് മുന്നറിയിപ്പു നൽകുക മാത്രമാണ് പോംവഴി.
അണക്കെട്ടുകളും ജലവൈദ്യുത നിലയങ്ങളും സ്ഥാപിക്കുന്നതിനായി ചൈനയും മറ്റും ഹിമാലയത്തിൽ നടത്തുന്ന വികസന പ്രവർത്തനങ്ങളെപ്പറ്റിയും ആശങ്ക ഏറെയുണ്ട്. ബ്രഹ്മപുത്രയിലും മറ്റും ഉണ്ടാകുന്ന മിന്നൽ പ്രളയങ്ങൾക്കു പിന്നിൽ ചില യുദ്ധതന്ത്രങ്ങളും ഒളിഞ്ഞിരിക്കുന്നു. എല്ലാ രാജ്യങ്ങളും ചേർന്നുള്ള കൂട്ടായ യത്മമില്ലെങ്കിൽ ഹിമാലയത്തിലെ മഞ്ഞുരുക്കവും ഭൂചലന സാധ്യതയും ഭാവിയിൽ കൂടുതൽ ദുരന്തങ്ങളിലേക്കു നയിക്കും എന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥാ മാറ്റം ഹിമശൈലത്തിന്റെ ഘടനതന്നെ മാറ്റുകയാണെന്നും ചൂടേറ്റം മൂലം ഉരുകി ശോഷിക്കുന്ന മഞ്ഞുപാളികൾ അപകടകരമാണെന്നും ക്രയോസ്ഫിയർ വിദഗ്ധൻ മുഹമ്മദ് ഫറൂഖ് അസം പറഞ്ഞു.
∙ ഹിമപർവതം അടർന്നു; ഭൂകമ്പമില്ലാതെയും കുലുങ്ങി ഹിമാലയം
മഞ്ഞുമല താഴേക്ക് ഉരുണ്ടു വന്നപ്പോൾ ഹിമാലയം കുലുങ്ങിവിറച്ചു. ഭൂഗർഭ പാളികൾ തമ്മിലുള്ള സമ്മർദത്തിൽ നിന്ന് അല്ലാതെയും ഭൂചലനം ഉടലെടുക്കുമെന്ന് നേപ്പാളിലെ ഈ ഹിമപാതം തെളിയിച്ചു. മാപിനിയിൽ 5.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ഭൗമപാളിയിൽനിന്ന് ഉടലെടുത്തത്തല്ല ഈ ഭൂകമ്പമെന്ന് യുഎസ് ജിയോളജിക്കൽ സർവേ തന്നെ വ്യക്തമാക്കി. ഭൗമോപരിതലത്തിൽ നിന്നുള്ള ഭൂചലന പ്രഭവകേന്ദ്രത്തിന്റെ ആഴം പൂജ്യം എന്നാണ് യുഎസ്ജിഎസ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവ സ്ഥലത്തുനിന്നു 12 കിമീ അകലെയുള്ള ജിലോങ്, ഴാങ്മു എന്നീ ഭൂകമ്പമാപിനികളിൽ അസാധാരണ ചലനം രേഖപ്പെടുത്തി എന്ന് ഇന്റഗ്രേറ്റഡ് സെന്റർ പറയുന്നു. ദുരന്തത്തിനു പിന്നിൽ ഭൂചലനമല്ലെന്ന സൂചനയെ ശരിവയ്ക്കുന്നതാണ് ഇത്.








