Headlines

മണ്ഡല-മകരവിളക്ക് തീർഥാടകർക്ക് നാന്നൂറോളം മുറികൾ, ആൾക്കൂട്ട നിയന്ത്രണത്തിന് എഐ; ദേവസ്വം ബോർഡ് റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി ∙ വരുന്ന മണ്ഡല-മകരവിളക്ക് തീർഥാടന കാലത്തിനു മുന്നോടിയായി ശബരിമലയിൽ നടപ്പാക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തീർഥാടകർക്ക് നാന്നൂറോളം മുറികൾ അനുവദിക്കുന്നതും ആൾക്കൂട്ട നിയന്ത്രണത്തിന് നിർമിതബുദ്ധി (എഐ) അടിസ്ഥാനമാക്കിയുള്ള പദ്ധതിയും അടക്കമുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. പരിഷ്കരണ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച്, ശുചീകരണ കാര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകി. ശുചിമുറികളുടെ ശുചിത്വം ഉറപ്പാക്കുക, കൂടുതൽ ബയോ-ടോയ്‌ലറ്റുകൾ സ്ഥാപിക്കുക, തടസമില്ലാതെ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ നിർദേശങ്ങളും കോടതി ദേവസ്വം ബോർഡിന് നൽകിയി.

ഭക്തർക്കുള്ള താമസസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ മുറികൾ ഒഴികെ നാന്നൂറോളം മുറികൾ ഓൺലൈൻ ബുക്കിങ് വഴി ലഭ്യമാക്കും. മുൻകാലങ്ങളിൽ ഈടാക്കിയിരുന്ന വലിയ തുകയുടെ ഡെപ്പോസിറ്റ് ഒഴിവാക്കി 50 രൂപയുടെ മടക്കിനൽകാത്ത സർവീസ് ചാർജ് മാത്രമാണ് ഇനി മുതൽ ഈടാക്കുക. മുറികളുടെ ശുചിത്വവും പരിപാലനവും ഉറപ്പാക്കാൻ പ്രഫഷണൽ ഹൗസ് കീപ്പിങ് ഏജൻസികളെ കരാർ അടിസ്ഥാനത്തിൽ ഏൽപ്പിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. അപ്പവും അരവണയും തയാറാക്കുന്നതിനുള്ള സാധനസാമഗ്രികളുടെ സംഭരണത്തിൽ മുൻവർഷങ്ങളിലുണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ചതായി ബോർഡ് അറിയിച്ചു. ലേല നടപടികളിലും ടെൻഡറുകളിലും സുതാര്യത ഉറപ്പുവരുത്തുന്നതിനായി കരാർ വ്യവസ്ഥകൾ സമഗ്രമായി പരിഷ്കരിച്ചു. കടകൾ, ഹോട്ടലുകൾ, മറ്റ് സേവനങ്ങൾ എന്നിവ ലേലം ചെയ്യുന്നതിനായി പുതിയ ഇ-ടെൻഡർ കം ഇ-ലേല സംവിധാനം നിലവിൽ വന്നു. ഇ-ടെൻഡർ പൂർത്തിയായ ശേഷം ഒരു മണിക്കൂർ സമയം ഇ-ലേലത്തിനായി അനുവദിക്കുമെന്നും അന്തിമ ലേലത്തുക സ്ഥിരീകരിക്കുന്നത് വരെ ലേലക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും ബോർഡ് അറിയിച്ചു. ഇതിനായി ഐടി മിഷന്റെ സാങ്കേതിക സഹായവും പരിശീലനവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, സമാന സ്വഭാവമുള്ള മരാമത്ത് പ്രവൃത്തികൾ സംയോജിപ്പിച്ച് ടെൻഡറുകളുടെ എണ്ണം 300ൽ നിന്ന് 40ൽ താഴെയായി കുറച്ചത് പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗ്യരായ കരാറുകാരെ ആകർഷിക്കാനും സഹായിക്കുമെന്ന് കരുതുന്നതായി ബോർഡ് പറഞ്ഞു. പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വിരമിച്ച ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പ്രത്യേക ഗുണനിലവാര പരിശോധനാ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അരവണ നിർമാണത്തിന് ആവശ്യമായ ശർക്കര സംഭരണത്തിനായി രണ്ടു കാര്യങ്ങളാണ് നോക്കുന്നതെന്ന് ബോർഡ് അറിയിച്ചു. ആകെ വേണ്ട 7,500 മെട്രിക് ടണ്ണിൽ 6,000 മെട്രിക് ടൺ ഇ-ടെൻഡർ വഴിയും 1,500 മെട്രിക് ടൺ കേന്ദ്ര സർക്കാരിന്റെ ഗവൺമെന്റ്–ഇ–മാർക്കറ്റ്പ്ലേസ് പോർട്ടൽ വഴിയുമാണ് വാങ്ങുന്നത്. ഭക്തർ നടയ്ക്കു സമർപ്പിക്കുന്ന നെയ്, അരവണ നിർമാണത്തിനായി കാര്യക്ഷമമായി സംരക്ഷിക്കാൻ എക്സിക്യൂട്ടീവ് ഓഫിസർക്ക് നിർദേശം നൽകി. നെയ്യുടെയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം സന്നിധാനത്തുതന്നെ തൽസമയം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി കമ്മിഷണറുടെ മേൽനോട്ടത്തിൽ അത്യാധുനിക ലാബ് ഉടൻ പ്രവർത്തനസജ്ജമാക്കും.ശബരീശ നടയിലെ മാലിന്യ സംസ്കരണത്തിനായി ത്രീ-ബിൻ സിസ്റ്റം നിർബന്ധമാക്കിയിട്ടുണ്ടെന്ന് ബോർഡ് പറഞ്ഞു. ഭക്ഷണമാലിന്യം, ജൈവമാലിന്യം, അജൈവമാലിന്യം എന്നിങ്ങനെ വേർതിരിച്ച് ശേഖരിക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും കടകൾക്കും മാനദണ്ഡങ്ങൾ നിശ്ചയിച്ചുള്ള ബിന്നുകൾ ബോർഡ് നൽകും. റോബോട്ടിക്-യന്ത്രവൽകൃത ശുചീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനൊപ്പം ക്ലീൻ കേരള കമ്പനിയുടെ സഹായത്തോടെ വർഷങ്ങളായി കുന്നുകൂടിയ ഇലക്ട്രോണിക്-ലോഹ മാലിന്യങ്ങൾ നീക്കം ചെയ്തുവരികയാണ്. ഇതിനുപുറമെ, പൊലീസിന്റെ സഹകരണത്തോടെ നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ആൾക്കൂട്ട നിയന്ത്രണവും തയാറാകുന്നുവെന്ന് ബോർഡ് പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരെ പങ്കാളികളാക്കി പ്ലാസ്റ്റിക് നിരോധനം, പമ്പയിലെ വസ്ത്രം ഉപേക്ഷിക്കൽ തടയൽ എന്നിവ ലക്ഷ്യമിട്ട് ‘ശബരിമല സന്ദേശ്’ മാസികയിലൂടെ വിപുലമായ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.