Headlines

‘റിയാസിന്റെ ഭാര്യ ആയതുകൊണ്ട് വീണയ്ക്ക് ബിസിനസ് തുടങ്ങാൻ പാടില്ലേ? ED ജനാധിപത്യ മര്യാദ പാലിക്കണം’; എം. മെഹബൂബ്

കോഴിക്കോട്: മുഹമ്മദ് റിയാസിന്റെ ഭാര്യ ആയതുകൊണ്ട് വീണ ടിയ്ക്ക് ഒരു ബിസിനസ് തുടങ്ങാൻ പാടില്ലേയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്. ഇഡിയ്ക്ക് വരാം, എന്നാൽ ജനാധിപത്യ മര്യാദ പാലിക്കണമെന്ന് അദേഹം പറഞ്ഞു. കോഴിക്കോട്ടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദേഹം. ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിന് എല്ലാ ലൈസൻസും ഉണ്ട്. മുഹമ്മദ്‌ റിയാസ് വ്യക്തമായ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതാണെന്ന് അദേഹം വിശദീകരിച്ചു.

നിയമനുസൃതമായ കുറ്റാന്വേഷണ നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് എം. മെഹബൂബ് പറഞ്ഞു. എന്നാൽ അത് രാഷ്ട്രീയ മുതലെടുപ്പ് ആണെങ്കിൽ അതിനെ പാർട്ടി നിയമപരമായി നേരിടുമെന്ന് അദേഹം വ്യക്തമാക്കി. സംശുദ്ധനായ കഴിവുള്ള മികവ് കാണിച്ച പൊതുമരാമത്ത് മന്ത്രിയായിരുന്നു മുഹമ്മദ് റിയാസെന്ന് അദേഹം പറഞ്ഞു. ആ റിയാസിനെതിരെ ചില മാധ്യമങ്ങളെക്കൂടി സ്വാധീനിച്ച് ലേക്കർ ഇന്ത്യയുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഉയർത്തുന്നു. ലേക്കർ ഇന്ത്യയ്ക്ക് എല്ലാ രേഖകളുമുണ്ട്. ആ സ്ഥാപനത്തിന് ലോകം അറിയുന്ന 25 ബിസിനസ് കസ്റ്റമേഴ്‌സ് ഉണ്ട്. രഹസ്യമായ കാര്യമൊന്നുമില്ലെന്ന് എം മെഹബൂബ് പറഞ്ഞു.

മാസപ്പടി കേസിൽ ഇഡിയും – സിപിഐഎമ്മും നേർക്കുനേർ പോരിലേക്ക് കടക്കുകയാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പേര് പറഞ്ഞുള്ള വാർത്താക്കുറിപ്പിൽ അസ്വാഭാവികത ഇല്ലെന്നും മകൾ വീണ ടിയ്ക്ക് എതിരെ തെളിവുണ്ടെന്നുമാണ് ഇഡിയുടെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഉണ്ടെന്നും തുടരന്വേഷണത്തിന്റെ ഭാഗമായി വീണയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നും ഇ ഡി വൃത്തങ്ങൾ പറയുന്നു.

ഇ ഡി സാധാരണ വാർത്താക്കുറിപ്പ് ഇറക്കാറില്ലെന്നും തന്റെ സ്ഥാനപ്പേരടക്കം വച്ചുള്ള വാർത്താക്കുറിപ്പ് ചെയ്യാൻ പാടില്ലാത്ത നടപടിയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയന്റെ പ്രതികരണം. കോഴിക്കോട് നടന്ന പരിശോധനയ്ക്ക് പുറമേ പത്രക്കുറിപ്പ് കൂടി പുറത്ത് വിട്ടതോടെ, മാസപ്പടിക്കേസിൽ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ് സിപിഐഎം. എൽഡിഎഫിന് അകത്തുനിന്ന് വേണ്ടത്ര പിന്തുണ ഇല്ലാത്തതും സിപിഐഎമ്മിനെ കുഴയ്ക്കുന്നുണ്ട്.