മസ്കത്ത്∙ 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് (വീസ) പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെര്‍മിറ്റുകള്‍ പുതുക്കുന്നതും നിര്‍ത്തി ഒമാന്‍. 60 വയസ്സ് പിന്നിട്ടിട്ടും നേരത്തെ നിലവിലുണ്ടായിരുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഒമാനില്‍ ജോലി തുടര്ന്നിരുന്നവരെയും പുതിയ തീരുമാനം ബാധിച്ചിട്ടുണ്ട്.
അടുത്തിടെ വീസ പുതുക്കുന്നതിനായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി പ്രവാസികള്‍ പറയുന്നു. ഇത് സംബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2022 ജനുവരിയിലാണ് ഒമാന്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റിനുണ്ടായിരുന്ന 60 വയസ്സെന്ന പ്രായപരിധി നീക്കം ചെയ്തത്. ഇതോടെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് പരിചയസമ്പന്നരായ വിദേശ തൊഴിലാളികളെ 60 വയസ്സിന് ശേഷവും നിലനിര്‍ത്താന്‍ അവസരം ലഭിച്ചിരുന്നു.
എന്നാല്‍ ഇപ്പോഴത്തെ നടപടി ഈ നയത്തില്‍ വലിയ മാറ്റമാണ് വരുത്തുന്നത്. 60 വയസ്സ് കഴിഞ്ഞ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ തൊഴിലുടമകള്‍ സമര്‍പ്പിക്കുമ്പോള്‍ നിരസിക്കപ്പെടുന്ന സാഹചര്യമാണുള്ളത്.
പുതിയ തീരുമാനം തങ്ങളുടെ തൊഴിലും താമസസ്ഥിതിയും സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ടെന്ന് നിരവധി പ്രവാസികള്‍ പ്രതികരിച്ചു. അതേസമയം, ഇത് സംബന്ധിച്ച മന്ത്രാലയത്തിന്റെ ഔദ്യോഗിക ഉത്തരവിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. വീസ പുതുക്കി ലഭിക്കാത്തതിനാല്‍ പലരും നാടണയാനുള്ള ഒരുക്കത്തിലാണ്. അല്ലാത്ത പക്ഷം വര്‍ക്ക് പെര്‍മിറ്റില്ലാതെ ഒമാനില്‍ തുടര്‍ന്നാല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും.






