തിരുവനന്തപുരം ∙ പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ് സിപിഐ. സിപിഎം കേന്ദ്രനേതൃത്വവുമായി ജനറൽ സെക്രട്ടറി ഡി.രാജ വീണ്ടും സംസാരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. ഉഭയകക്ഷി ചർച്ച നടക്കുന്നതിനിടെ സിപിഐയുടെ ആവശ്യം പരസ്യമായി തള്ളിയത് സിപിഐക്ക് അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു.
അതേസമയം, സിപിഐയുടെ സമ്മർദങ്ങൾക്കു തടയിടാനുള്ള സമയമായിരിക്കുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎം. സിപിഐയുമായി ഇക്കാര്യത്തിൽ ചർച്ചയുടെ ആവശ്യം തന്നെയില്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. നേരത്തേ ഒരുതവണ അദ്ദേഹം ആ നിലപാട് വ്യക്തമാക്കിയതാണ്. അതിനുശേഷവും ചർച്ച നടന്നു. ഇപ്പോഴും ചർച്ച തുടരുകയാണെന്ന സമീപനമാണ് സിപിഐക്ക്. അതിനിടെ, ഉപനേതാവായി സ്വന്തം പാർട്ടിക്കാരനെ നിർദേശിച്ച് വേണമെങ്കിൽ സ്പീക്കർക്ക് കത്തുകൊടുക്കുമെന്ന പിണറായിയുടെ പ്രസ്താവന അവരെ ഞെട്ടിച്ചു.
കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ സിപിഐയുടെ അവകാശവാദം തള്ളി അക്കാര്യം തീർപ്പാക്കണമെന്ന് സിപിഎമ്മിനുണ്ടായിരുന്നു. അതിനായി സിപിഎം സംസ്ഥാന നേതൃത്വം മറ്റു ഘടകകക്ഷികളുടെ പിന്തുണ തേടുകയും ചെയ്തു. ഇതറിഞ്ഞ സിപിഐ നേതൃത്വവും ഘടകകക്ഷികളെ ബന്ധപ്പെട്ടു. ഇത് സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്നമാണെന്നും അതിൽ കക്ഷിയാകരുതെന്നും ബിനോയ് വിശ്വം അവരോട് അഭ്യർഥിച്ചു. അത് ചെവിക്കൊള്ളാനിടയില്ലെന്നു തോന്നിയതോടെ സിപിഐയുടെ സെക്രട്ടേറിയറ്റ് ഈ സാഹചര്യം ചർച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ എം.വി.ഗോവിന്ദനെയും ടി.പി.രാമകൃഷ്ണനെയും ബിനോയ് കണ്ടു. എൽഡിഎഫിലെ ഭൂരിപക്ഷംവച്ച് തങ്ങളുടെ ആവശ്യം തള്ളാനാണു ഭാവമെങ്കിൽ പ്രത്യാഘാതം വലുതായിരിക്കുമെന്നു പറഞ്ഞു. മുന്നണിയോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തില്ലെന്ന ഉറപ്പ് അങ്ങനെ സിപിഎം നേതൃത്വത്തിൽനിന്നു വാങ്ങി. അപ്പോഴും ഘടകകക്ഷികൾ ആരെങ്കിലും ഉന്നയിച്ചാലോ എന്ന സംശയവുമുണ്ടായി. അതു ചെയ്താൽ സിപിഎമ്മും സിപിഐയും ചർച്ച ചെയ്യുന്ന വിഷയമാണെന്നും മുന്നണിക്കു മുന്നിൽ വരേണ്ടതില്ലെന്നും വ്യക്തമാക്കാൻ തമ്മിൽ ധാരണയാവുകയും ചെയ്തു. എന്തായാലും മുന്നണി യോഗത്തിൽ ആരും അത് ഉന്നയിച്ചില്ല.
കഴിഞ്ഞദിവസം ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സിപിഎം ഇക്കാര്യത്തിൽ കടുംപിടിത്തം കാട്ടുന്നുവെന്ന വിമർശനം ഏറ്റവും ശക്തമായി ഉന്നയിച്ചത് പാർട്ടി ശക്തികേന്ദ്രമായ കൊല്ലത്തുനിന്നുള്ള അംഗങ്ങളാണ്. ഇതാണു സമീപനമെങ്കിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാമെന്നുമാത്രമല്ല, മുന്നണിവിടുന്നതടക്കം ആലോചിക്കണമെന്നു കൂടിയാണ് അവരിൽ ചിലർ പറഞ്ഞത്. ഉപനേതാവായി സിപിഎം കണ്ടുവച്ചിരിക്കുന്ന കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്ന് 1012 വോട്ടിന് ജയിച്ചത് സിപിഐക്കാർ ആത്മാർഥതയോടെ പ്രവർത്തിച്ചതു കൊണ്ടാണെന്നും അല്ലെങ്കിൽ കാണാമായിരുന്നുവെന്നും കൂടി അവർ പറഞ്ഞു.
കിട്ടാവുന്ന അവസരങ്ങളിലെല്ലാം പാർട്ടിയെ കുത്താനും നോവിക്കാനും ശ്രമിക്കുന്ന സിപിഐയോട് ഇനി അനുനയം ആവശ്യമില്ലെന്ന സിപിഎമ്മിലെ പ്രബല വികാരമാണ് പിണറായിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിക്കുശേഷം ഇങ്ങനെ ഒരു പ്രശ്നം സൃഷ്ടിച്ചതും കമ്മിറ്റികൾക്കുള്ളിൽ സിപിഎമ്മിനെതിരെ നിരന്തരം ചർച്ച നടത്തുന്നതും അതിൽ പലതും പുറത്തു വാർത്തയാകുന്നതും സിപിഐ സെക്രട്ടറിതന്നെ നോവിച്ചു സംസാരിക്കുന്നതും നിഷ്കളങ്കമായി സിപിഎം കരുതുന്നില്ല.









