യുഎസും ഏറ്റവും അടുത്ത സുഹൃത്തും ദീർഘകാല വ്യാപാര പങ്കാളിയുമായ കാനഡയും ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപാര ‘യുദ്ധ’ത്തിലേക്ക് കടന്നു. ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതൽ തരിപ്പണമാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉപരോധ യുദ്ധവും ഉടനുണ്ടാകും. ഇനിയും ‘സാമ്പത്തികമായി ഉപദ്രവിക്കാനാണ്’ യുഎസിന്റെ നീക്കമെങ്കിൽ, അതിനെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി.
ഗൾഫ് രാജ്യങ്ങളെ ഉദ്ദേശിച്ചാണ് മൊഹ്സിൻ റെസായിയുടെ ഭീഷണിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെയും യുഎസിനെയും വീണ്ടും സമാധാന മേശയിലേക്ക് വിളിക്കാൻ ഈജിപ്ത് ശ്രമിക്കുന്നുണ്ട്. ഇതിനിടെ ട്രംപ് വീണ്ടും ഹോർമുസ് കടലിടുക്കിനെ യുഎസിന്റെ പുത്തൻ പ്രദേശമായി പ്രഖ്യാപിച്ചു. ‘ഒരു കാര്യവുമില്ലെന്നും’ ഹോർമുസ് എന്നും ഇറാന്റെ സ്വത്താണെന്നും ഇറാനും പ്രതികരിച്ചു.
ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ കിടക്കുമെന്നും ഇറാൻ പറഞ്ഞു. എങ്കിലും, ഇറാഖി കപ്പലുകൾക്ക് ഹോർമുസ് കടന്നുപോകാമെന്ന് ഇറാൻ അറിയിച്ചു. ഹോർമുസ് കടലിടുക്കിന് ബദൽ കണ്ടെത്തി വ്യാപാരം സജീവമാക്കാൻ സൗദി അറേബ്യയും ഫ്രാൻസും ചർച്ചയിലേക്ക് കടന്നേക്കും.
ഇതിനിടെ, സിറിയയിലും ഗാസയിലും ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. സിറിയയിലെ ഇസ്രയേലി ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക അറിയിച്ചു. മറുവശത്ത് യുക്രെയ്നും റഷ്യയും തമ്മിലെ യുദ്ധത്തിന്റെ സ്വഭാവം മാറി. സൈനിക കേന്ദ്രങ്ങൾക്കും എണ്ണ റിഫൈനറികൾക്കും പകരം ഇപ്പോൾ ഷോപ്പിങ് മാളുകളും ഇ-കൊമേഴ്സ് കമ്പനികളുടെ ഗോഡൗണുകളുമൊക്കെയാണ് പരസ്പരം തകർക്കുന്നത്.അതേസമയം, ഇന്ത്യയുമായി യുഎസിന്റെ വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചനയുമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ രംഗത്തുവന്നു. ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെ സൗഹൃദവും വിശ്വാസവുമാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അടിത്തറ ശക്തമാക്കുന്നതെന്ന് ഗോർ പറഞ്ഞു.
വ്യാപാരക്കരാർ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇരുകൂട്ടരും തമ്മിലെ ബന്ധവും ശക്തമാകുന്നു. കണക്കുകൾ കള്ളം പറയില്ലല്ലോ. 15 വർഷം മുൻപ് 20 ബില്യൻ ഡോളറായിരുന്നു ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരം. ഇപ്പോഴത് 240 ബില്യനാണ്. ഇനിയത് വൈകാതെ 500 ബില്യനാകുമെന്നും ഗോർ പറഞ്ഞു.
‘‘ഞാൻ ഇന്ത്യയിലെത്തി അംബാസഡർ പദവി ഏറ്റെടുത്ത് ഒരുമാസത്തിനകം തന്നെ ഇന്ത്യ-യുഎസ് ഡീൽ തയ്യാറായതാണ്. പക്ഷേ, അപ്പോഴേക്കും യുഎസിന്റെ പകരംതീരുവകൾ സുപ്രീംകോടതി അസാധുവാക്കി. ഇപ്പോൾ കണക്കുകളിൽ മാറ്റംവരുത്തി വീണ്ടും വ്യാപാരക്കരാർ തയ്യാറാക്കുകയാണ്. ഏറക്കുറെ ഡീൽ സജ്ജമായി കഴിഞ്ഞു. ഇനി ഏതാനും സാങ്കേതികകാര്യം മാത്രമേ ബാക്കിയുള്ളൂ’’ – ഗോർ ‘ഇടി വേൾഡ് ലീഡേഴ്സ് ഫോറ’ത്തിൽ പറഞ്ഞു.
ഇന്ത്യയും യുഎസും വമ്പൻ സാമ്പത്തികശക്തികളാണെന്ന് പറഞ്ഞ ഗോർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഈ വർഷം വീണ്ടും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും പറഞ്ഞു.









