നയ്റോബി∙ ആഫ്രിക്കൻ രാജ്യമായ കെനിയയിൽ ഹെലികോപ്റ്റർ തകർന്നുവീണ് ഏഴു പേർ മരിച്ചു. അഞ്ച് അമേരിക്കൻ പൗരന്മാരും ഇക്വഡോർ ഇന്റലിജൻസ് മേധാവിയും മരിച്ചവരിൽ ഉൾപ്പെടുന്നു. കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി നൽകുന്ന വിവരം അനുസരിച്ച് മധ്യ കെനിയയിലെ സാംബുരു കൗണ്ടിയിലെ മൗണ്ട് ഒലോലോക്വെയിലാണ് ഹെലികോപ്റ്റർ തകർന്നുവീണത്. ഏഴു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അപകട കാരണം ഇനിയും കണ്ടെത്തിയിട്ടില്ല.
ലോയിസാബ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽനിന്നു പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ടൂറിസ്റ്റുകളായി രാജ്യത്ത് എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ ഇക്വഡോറിന്റെ ഇന്റലിജൻസ് മേധാവിയുടെ ഭാര്യയും ഉൾപ്പെടുന്നു. അപകടത്തിൽ അമേരിക്കൻ പൗരൻമാർ മരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലത്ത് തിരച്ചിൽ അതീവ ദുഷ്കരമാണെന്നാണു ലഭിക്കുന്ന വിവരം. അപകടത്തെ കുറിച്ച് കെനിയ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.







