Headlines

റെയിൽവേ: ക്രിസ്മസ്, പുതുവർഷയാത്ര ‘സ്പെഷലി’ൽ ഇത്തവണയും അനക്കമില്ല; കാത്തിരിപ്പ് വെറുതേയാകുമോ?

ചെന്നൈ ∙ ക്രിസ്മസ്, പുതുവർഷ അവധിക്കാലം ഇങ്ങെത്തിയിട്ടും സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാതെ ദക്ഷിണ റെയിൽവേ. നേരത്തെ ഓടിത്തുടങ്ങിയ ശബരിമല സ്പെഷൽ ട്രെയിനുകളിലെ സീറ്റുകൾ തീർന്നതിനാൽ ആഘോഷ ദിനങ്ങളിൽ നാട്ടിലെത്താൻ വഴിയില്ലാതെ വലയുകയാണു ചെന്നൈ മലയാളികൾ. നാട്ടിലേക്കുള്ള യാത്ര ഇന്ന് ആരംഭിക്കാനിരിക്കെ കൂടുതൽ സ്പെഷൽ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.

കാത്തിരിപ്പ് വെറുതേയാകുമോ?
മണ്ഡല, മകര വിളക്ക് കാലമായതിനാൽ ചെന്നൈയിൽനിന്നു ദിവസേന കൊല്ലത്തേക്കുള്ള സ്പെഷൽ ട്രെയിനുകളിലെ മുഴുവൻ ടിക്കറ്റുകളും നിലവിൽ വെയ്റ്റ് ലിസ്റ്റാണ്. 2 മാസം മുൻപു ബുക്കിങ് ആരംഭിച്ചതിനു പിന്നാലെ തന്നെ പതിവു ട്രെയിനുകളിലെ ടിക്കറ്റുകൾ തീർന്നിരുന്നു. അതേസമയം, അധികം ട്രെയിനുകൾ ഇല്ലാത്ത മലബാറിലേക്കുള്ള യാത്ര ഇത്തവണയും ദുരിതമാകാനാണു സാധ്യത. മലബാറിലേക്കു സ്പെഷൽ അനുവദിക്കുന്നതിൽ അധികൃതർക്കുള്ള ‘പിശുക്ക്’ ആണ് യാത്രക്കാരെ വലയ്ക്കുന്നത്. ഉത്സവ സീസണുകളിൽ സ്പെഷൽ ട്രെയിനുകൾ നേരത്തെ അനുവദിക്കണമെന്നു കാലങ്ങളായി മലയാളികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ റെയിൽവേ പച്ചക്കൊടി വീശിയിട്ടില്ല.

വേഗം കൂട്ടാൻ ട്രെയിനുകൾ
നഗരത്തിൽ നിന്നുള്ള ട്രെയിനുകളുടെ യാത്രാസമയം ജനുവരി മുതൽ 40 മിനിറ്റ് കുറയും. കോയമ്പത്തൂർ, മധുര, കന്യാകുമാരി ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ വേഗം കൂട്ടാനാണ് ദക്ഷിണ റെയിൽവേ തീരുമാനം. ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ടൈംടേബിൾ പ്രകാരമാണ് വേഗ വർധന നടപ്പാക്കുക. കേരളത്തിലേക്കുള്ള ട്രെയിനുകളുടെ യാത്രാ സമയത്തിലും കുറവുണ്ടാകുമെന്നാണു സൂചന. പുതുക്കിയ ഷെഡ്യൂൾ മാസാവസാനം പുറത്തിറക്കും. ട്രെയിൻ സർവീസുകൾ മെച്ചപ്പെടുത്തുന്നതും കാലതാമസമില്ലാതെ ഓടിക്കുന്നതുമാണു ലക്ഷ്യമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു.