Headlines

നിയമസഭാ കയ്യാങ്കളിക്കേസ്: സിപിഎമ്മിന് തിരിച്ചടി; യുഡിഎഫ് എംഎൽഎമാർ കുറ്റവിമുക്തർ

കൊച്ചി ∙ നിയമസഭാ കയ്യാങ്കളി കേസിൽ മുൻ എംഎൽഎ എ.ടി.ജോർജിനെയും ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതോടെ 4 യുഡിഎഫ് എംഎൽഎമാരും കേസിൽ നിന്ന് കുറ്റവിമുക്തരായി. 2015 മാർച്ച് 13ന് അന്നത്തെ ധനകാര്യമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ എൽഡിഎഫ് എംഎഎൽമാർ നടത്തിയ പ്രതിഷേധവും തുടർന്നുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് നിർണായക വിധി. ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് എ.ടി.ജോർജിനെ കുറ്റവിമുക്തനാക്കിയത്. ഇതോടെ, യുഡിഎഫ് എംഎൽഎമാർക്കെതിരെയുള്ള കേസിന്റെ വിചാരണയ്ക്കൊപ്പം തങ്ങളുടെ കേസും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം എംഎൽഎമാർ നൽകിയ ഹർജിക്ക് നിലനിൽപ്പില്ലാതായി. സഭയ്ക്കുള്ളിൽ ഇടത് വനിതാ എംഎഎൽമാരെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാരോപിച്ച് റജിസ്റ്റർ ചെയ്തിരുന്ന കേസിൽ യുഡിഎഫ് മുൻ എംഎഎൽമാരായ കെ.ശിവദാസൻ നായർ, എം.എ.വാഹിദ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെ 2024ൽ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എ.ടി.ജോർജ് കൂടി കുറ്റവിമുക്തനായതോടെ യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ പൂർണമായും റദ്ദായി.ബജറ്റ് അവതരണം തടയാൻ എൽഡിഎഫ് അംഗങ്ങൾ ശ്രമിക്കുന്നതിനിടെ ഇടത് വനിതാ എംഎഎൽമാരായ കെ.കെ.ലതിക, ജമീല പ്രകാശം, ഗീത ഗോപി തുടങ്ങിയവരെ തടഞ്ഞുവെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുഡിഎഫ് നേതാക്കൾക്കെതിരെയുണ്ടായിരുന്ന പ്രധാന ആരോപണം. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് കോടതി നാല് യുഡിഎഫ് നേതാക്കളേയും കുറ്റവിമുക്തരാക്കിയിരിക്കുന്നത്. എൽഡിഎഫ് നേതാക്കൾ സഭയിൽ നടത്തിയ അക്രമങ്ങൾക്കെതിരെ പൊതുമുതൽ നശീകരണ നിയമപ്രകാരം കേസ് നിലവിലുണ്ടായിരുന്നു. സ്പീക്കറുടെ വേദിയിൽ അതിക്രമിച്ചുകയറി കസേര, കംപ്യൂട്ടറുകൾ, മൈക്ക്, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്ത് 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് കേസ്. വി.ശിവൻകുട്ടി, കെ.ടി.ജലീൽ, സി.കെ.നാണു, കെ.അജിത്, ഇ.പി.ജയരാജൻ, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ വിചാരണ നേരിടുകയാണ്. ഈ കേസ് പിൻവലിക്കാൻ എൽഡിഎഫ് ഭരണത്തിലിരുന്നപ്പോൾ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ അനുവദിച്ചിരുന്നില്ല. തുടർന്ന് 2021 ജൂലൈയിൽ സുപ്രീം കോടതിയും കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപ്പീൽ തള്ളി. സുപ്രീം കോടതി വിധിയിലൂടെ എൽഡിഎഫ് നേതാക്കൾ വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായതിന് ശേഷമാണ് എൽഡിഎഫ് എംഎഎൽമാർ യുഡിഎഫ് നേതാക്കൾക്കെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. 2023ൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തി കേസ് എടുത്തു. എൽഡിഎഫ് നേതാക്കൾക്കെതിരായ കേസിനെ പ്രതിരോധിക്കാനുള്ള ശ്രമമായി ഇത് വിമർശിക്കപ്പെട്ടു. 2024ൽ മൂന്ന് നേതാക്കളെയും ഇപ്പോൾ എ.ടി.ജോർജിനെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ ഈ വിഷയത്തില്‍ എൽഡിഎഫ് നേതാക്കൾ മാത്രം വിചാരണ നേരിടേണ്ടി വരും.