മോസ്‌കോ ചർച്ചക്ക് മുമ്പ് ഇന്ത്യ-ചൈന അതിർത്തിയിൽ 200 റൗണ്ട് വരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്

അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ നടത്തിയ കൂടിക്കാഴ്ചക്ക് മുമ്പ് അതിർത്തിയിൽ ഇന്ത്യക്കും ചൈനക്കുമിടയിൽ നിരവധി തവണ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. 200 റൗണ്ട് വരെ വെടിവെപ്പുണ്ടായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇരുസേനയു ആകാശത്തേക്കാണ് വെടിയുതിർത്തത്. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ മോസ്‌കോയിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ചർച്ചകൾ തുടരാനാണ് പകരം ധാരണയായത്. പ്രകോപനത്തിന് ശേഷം ഇന്ത്യയാണെന്ന വാർത്താക്കുറിപ്പാണ് കൂടിക്കാഴ്ചക്ക് പിന്നാലെ ചൈന ഇറക്കിയത്.

ഇതിന് പിന്നാലെ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങി ഇന്ത്യക്കാരായ പതിനായിരത്തോളം പേരെ ചൈന നിരീക്ഷിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ അജിത് ഡോവലിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈന സംഘർഷവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രസ്താവന നടത്തും.