സ്വർണവില കേരളത്തിൽ ഇന്നും വർധിച്ചു. രാജ്യാന്തര വിലയുടെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിച്ചത്. എന്നാൽ, രാജ്യാന്തരവില 5-മാസത്തെ ഉയരത്തിൽ നിന്ന് ഇപ്പോൾ താഴ്ന്നിറങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള ഈ താഴ്ച വിപണിക്കാകെ കൺഫ്യൂഷനുമായി. സ്വർണം ഇനി എന്തു ചെയ്യും? കുതിക്കണോ അതോ താഴണോ?
കേരളത്തിൽ ഇന്നു രാവിലെ ഗ്രാമിന് 25 രൂപ വർധിച്ച് 14,220 രൂപയാണ് വില. 200 രൂപ ഉയർന്ന് പവന് 1,13,760 രൂപയും. രാജ്യാന്തര വില 4450 ഡോളർ വരെ ഉയർന്നശേഷം ഇപ്പോൾ 4393 ഡോളറിലേക്ക് താഴ്ന്നു. അല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് വില ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമെങ്കിലും മിനിമം കൂടുമായിരുന്നു.ലോകത്തെ ഒന്നാംനമ്പർ സാമ്പത്തികശക്തിയായ അമേരിക്കയിൽ കഴിഞ്ഞമാസം പണപ്പെരുപ്പം ജൂണിലെ 3.5 ശതമാനത്തിൽ നിന്ന് 3.4 ശതമാനത്തിലേക്ക് താഴ്ന്നതായിരുന്നു സ്വർണവിലയെ മുന്നോട്ട് നയിച്ചത്. പണപ്പെരുപ്പം കുറഞ്ഞതിനാൽ പലിശഭാരം കൂടാനുള്ള സാധ്യത മങ്ങി. ഇതോടെ ഡോളറും ബോണ്ടും താഴ്ന്നത് സ്വർണം നേട്ടമാക്കുകയായിരുന്നു. എന്നാൽ, പശ്ചിമേഷ്യയിൽ ഇറാനും യുഎസും തമ്മിലെ തർക്കം വീണ്ടും വഷളായത് എണ്ണവില കൂടാനിടയാക്കുമെന്ന ഭീതി സൃഷ്ടിക്കുന്നു.
എണ്ണവില കൂടിയാൽ പണപ്പെരുപ്പം കൂടും. പണപ്പെരുപ്പം കൂടിയാൽ പലിശഭാരവും കൂടും. പലിശഭാരം കൂടിയാലോ ഡോളറും ബോണ്ടും കുതിക്കും. അതോടെ സ്വർണത്തിന്റെ ഡിമാൻഡ് മങ്ങും; വിലയും താഴും. ഫലത്തിൽ ഇതാണ് വിപണിയുടെ കൺഫ്യൂഷൻ. പണപ്പെരുപ്പം കുറഞ്ഞത് മുതലെടുത്ത് കുതിച്ചുകയറണോ? അതോ, യുഎസും ഇറാനും തമ്മിലെ തർക്കത്തിൽ നിരാശപ്പെട്ട് താഴേക്കിറങ്ങണോ?താഴാനാണ് സ്വർണത്തിന്റെ തീരുമാനമെങ്കിൽ 3940 ഡോളറിലേക്കുവരെ രാജ്യാന്തരവില ഇടിയാമെന്നാണ് നിരീക്ഷകവാദങ്ങൾ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയ്ക്കും താഴെയെത്തും. അതായത്, 7000 രൂപയിലധികം ഇടിയും. മറിച്ച്, മുന്നേറാനാണ് സ്വർണത്തിന്റെ നീക്കമെങ്കിൽ രാജ്യാന്തരവില 4885 ഡോളറിലേക്കുവരെ എത്താം. കേരളത്തിൽ പവൻവില 1.20 ലക്ഷം രൂപയും ഭേദിക്കും. ഇന്നു കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ വർധിച്ച് 11,680 രൂപയായിട്ടുണ്ട്. വെള്ളിക്ക് വില മാറിയില്ല. ഗ്രാമിന് 255 രൂപ.









