Headlines

ബംഗാൾ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി; സുവേന്ദു അധികാരി സുരക്ഷിതനെന്ന് ഓഫിസ്

 

കൊൽക്കത്ത ∙ മോശം കാലാവസ്ഥയെത്തുടർന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. പർബ മേദിനിപൂർ ജില്ലയിലെ കോലഘട്ടിലാണ് സംഭവം. തുടർന്ന് മുഖ്യമന്ത്രി തന്റെ യാത്ര റോഡ് മാർഗമാക്കുകയായിരുന്നു. സ്വാതന്ത്ര്യസമര സേനാനി ഖുദിറാം ബോസിന് ആദരവർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പശ്ചിമ മേദിനിപൂർ ജില്ലയിലെ കേശ്പൂരിലേക്ക് പോകുകയായിരുന്നു അദ്ദേഹം. ഡംഡമ്മിൽ നിന്നാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പുറപ്പെട്ടത്. എന്നാൽ യാത്രാമധ്യേ കാലാവസ്ഥ മോശമായതോടെ പൈലറ്റ് ഹെലികോപ്റ്റർ കേശ്പൂരിലേക്ക് പോകുന്നതിനു പകരം കോലഘട്ടിലെ ഒരു തുറന്ന മൈതാനത്ത് സുരക്ഷിതമായി ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കിയതിനു ശേഷം മുഖ്യമന്ത്രി സുവേന്ദു അധികാരി കേശ്പൂരിലെ നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുക്കാനായി അവിടെ നിന്നും റോഡ് മാർഗം യാത്ര തുടർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അദ്ദേഹം സുരക്ഷിതനാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.