Headlines

‘നമ്മുടെ സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഇങ്ങനെ വെട്ടിഒഴിവാക്കുമ്പോള്‍…’; ജയിലര്‍ മൂന്നാം ഭാഗം വന്നാല്‍ സഹകരിക്കില്ലെന്ന് ജിഷാദ്

രജനീകാന്ത് ചിത്രം ജയിലര്‍ 2ല്‍ നിന്ന് മോഹന്‍ലാലിന്റെ സീനുകള്‍ വെട്ടിമാറ്റിയെന്ന് ആരോപിച്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് കോസ്റ്റിയൂം ഡിസൈനര്‍ ജിഷാദ് ഷംസുദ്ദീന്‍. മോഹന്‍ലാലിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകള്‍ വെട്ടിമാറ്റപ്പെട്ടുവെന്നാണ് ജിഷാദ് ഉന്നയിക്കുന്ന ആരോപണം. ഇതി ജയിലറിന് മറ്റൊരു ഭാഗം കൂടി വന്നാല്‍ താന്‍ അതില്‍ സഹകരിക്കില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. (mohanlal’s Costume designer publicly calls out Rajinikanth’s Jailer 2 team)

മികച്ച അഭിപ്രായങ്ങള്‍ നേടി ജയിലര്‍ 2 വിജയഗാഥ തുടരുന്നുവെങ്കിലും മോഹന്‍ലാലിന്റെ സ്‌ക്രീന്‍ സ്‌പേസ് കുറവെന്ന് മലയാളി ആരാധകര്‍ ഉള്‍പ്പെടെ ആക്ഷേപം ഉന്നയിക്കുന്നതിനിടെയാണ് കോസ്റ്റിയൂം ഡിസൈനറുടെ ഈ വിയോജന കുറിപ്പ് കൂടി പുറത്തുവന്നിരിക്കുന്നത്. ഈ കുറിപ്പും ജയിലര്‍ 2ലെ മോഹന്‍ലാലിന്റെ റോളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ചിത്രത്തിനായി താന്‍ ഡിസൈന്‍ ചെയ്ത മോഹന്‍ലാലിന്റെ കോസ്റ്റിയൂംസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് ജിഷാദിന്റെ കുറിപ്പ്.

കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ:

എന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരോട് ചിലത് പറയാന്‍ ആഗ്രഹിക്കുന്നു.

ജയിലര്‍ 2 റിലീസ് ആയിക്കുന്ന ഈ വേളയില്‍ നിങ്ങളെ ഒരു കാര്യം അറിയിക്കുകയാണ്. ഷൂട്ട് ചെയ്ത രംഗങ്ങളൊകകെ കണക്കിലെടുത്ത് ഞാന്‍ എന്റെ വര്‍ക്കില്‍ പൂര്‍ണ ആത്മിവിശ്വാസത്തിലായിരുന്നു. ട്രെയിലറില്‍ അതെല്ലാം രണ്ട് സെക്കന്‍ഡ് മാത്രമായി ചുരുങ്ങിയപ്പോള്‍ പോലും അത് കൈവിട്ടില്ല. പക്ഷേ സിനിമ റിലീസായപ്പോള്‍ മോഹന്‍ലാല്‍ സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകള്‍ പൂര്‍ണമായി വെട്ടിക്കളഞ്ഞിരിക്കുന്നതായി മനസിലായി. ട്രെയിലറിലെ ആ സീന്‍ പോലും വെട്ടിച്ചുരുക്കപ്പെട്ടു.

മോഹന്‍ലാല്‍ സാറിനെപ്പോലൊരു സൂപ്പര്‍ സ്റ്റാറിന്റെ സീനുകള്‍ ഈ വിധത്തില്‍ മുറിച്ചുമാറ്റപ്പെടുന്നത് അനാവശ്യമാണ്. ഇത് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഞാന്‍ പറയുന്നത്. നമ്മുടെ സൂപ്പര്‍ സ്റ്റാറിനെ ഇങ്ങനെ വെട്ടിച്ചുരുക്കിയ സ്ഥിതിക്ക് ഇനി ഈ ചിത്രത്തിന് മറ്റൊരു തുടര്‍ച്ചയുണ്ടായാല്‍ ഞാനതിന്റെ ഭാഗമാകില്ല. എന്നെ വിശ്വസിച്ചവരോട് ഞാനതില്‍ ക്ഷമ ചോദിക്കുന്നു. കോടി ക്ലബുകള്‍ക്കോ താരപദവിക്കോ ലാഭത്തിനോ ആരുടെയെങ്കിലും ഇഷ്ടത്തിനോ വേണ്ടിയല്ല ഞാന്‍ നില്‍ക്കുന്നത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ആരാധകര്‍ക്കും മോഹന്‍ലാല്‍ സാറിനും വേണ്ടി മാത്രമാണ്. ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നു.