Headlines

നഗരത്തിലേക്ക് ‘പ്രവേശനഫീസ്, മാസപ്പടി’: ഇത് ഡൈനാമിക് കൊള്ള, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പുല്ലുവില

ബെംഗളൂരു ∙ സർവീസ് റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ച ശേഷം ബുക്ക് ചെയ്ത അതേ ടിക്കറ്റ് തന്നെ ഇരട്ടി വിലയ്ക്കു മറിച്ചുവിറ്റ് സ്വകാര്യബസുകളുടെ വൻ കൊള്ള. പൂജ അവധിക്കായി മാസങ്ങൾക്കു മുൻപ് ബുക്ക് ചെയ്ത ഒട്ടേറെ പേരുടെ ടിക്കറ്റുകളാണ് ഇത്തരത്തിൽ റദ്ദാക്കിയത്. ബസിന് തകരാറാണെന്നോ അപ്രതീക്ഷിത സാഹചര്യങ്ങളെന്നോ പേരിലാണു വൻ തട്ടിപ്പ് അരങ്ങേറുന്നത്. യാത്രാത്തിരക്കു കൂടുതലുള്ള വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ ഉത്സവ സമയങ്ങളിൽ നടത്തുന്ന കൊള്ള വഴി ലക്ഷക്കണക്കിനു രൂപയാണു സാധാരണക്കാർക്കു നഷ്ടമാകുന്നത്.

എന്താണ് സംഭവിക്കുന്നത്?
ഏതെങ്കിലും ദിവസത്തെ ടിക്കറ്റിനു വൻ ഡിമാൻഡാണെന്നു ബസ് ഓപറേറ്റർമാർ തിരിച്ചറിയുന്നതോടെയാണു തട്ടിപ്പു തുടങ്ങുന്നത്. പല കാരണങ്ങൾ പറഞ്ഞ് സർവീസ് റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കും. ടിക്കറ്റ് തുക പൂർണമായി റീഫണ്ട് ചെയ്യുമെന്നും അറിയിക്കും. എന്നാൽ, യഥാർഥത്തിൽ സർവീസ് റദ്ദാക്കിയിട്ടുണ്ടാകില്ല. പിന്നീട് വെബ്സൈറ്റിൽ പരിശോധിച്ചാൽ മുൻപ് 1000 രൂപയ്ക്കു വിറ്റ ടിക്കറ്റ് ഇരട്ടിയിലധികം രൂപയ്ക്കു വിൽക്കാൻ വച്ചിരിക്കുന്നതു കാണാം. യാത്രാത്തിരക്ക് കാരണം നേരത്തേ തന്നെ നാട്ടിലേക്കുള്ള യാത്ര ആസൂത്രണം ചെയ്ത് ടിക്കറ്റെടുത്തവരാണ് ഇതുമൂലം പെരുവഴിയിലാകുന്നത്.

എങ്ങനെ ന്യായീകരിക്കും? തിരക്കുള്ളപ്പോൾ നിരക്ക് കൂട്ടുകയും തിരക്കില്ലാത്തപ്പോൾ നിരക്കു കുറയ്ക്കുകയും ചെയ്യുന്ന ഡൈനാമിക് പ്രൈസിങ് എന്ന പേരിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. എന്നാൽ, ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നു യാത്രക്കാർ പറയുന്നു. യാത്രക്കാരൻ ബുക്ക് ചെയ്ത ശേഷമാണ് നിരക്കു കൂട്ടാൻ വേണ്ടി ടിക്കറ്റ് റദ്ദാക്കുന്നത്. വ്യക്തമായ കാരണമില്ലാതെ ടിക്കറ്റ് റദ്ദാക്കുന്നത് നിയമവിരുദ്ധവുമാണ്.സ്വകാര്യ ബസുകളെ നിയന്ത്രിക്കാൻ കൃത്യമായ സംവിധാനം ഇല്ലാത്തതാണ് ഇതിനു കാരണം. യാത്രക്കാർക്ക് എവിടെ പരാതിപ്പെടണമെന്നും അറിയില്ല. ബസ് ഓപ്പറേറ്റർമാരെ വിളിച്ചാൽ സർവീസ് റദ്ദാക്കിയെന്നു പറഞ്ഞ് ഒഴിയുകയാണ് ചെയ്യുന്നത്. അവസാന നിമിഷം ടിക്കറ്റ് റദ്ദാകുന്നതിനാൽയാത്രക്കാർക്ക് മറ്റൊരു ടിക്കറ്റിന് ഇരട്ടിയിലേറെ നിരക്ക് കൊടുക്കേണ്ടി വരും. കേരള ആർടിസി ഡൈനാമിക് പ്രൈസിങ് ഏർപ്പെടുത്താറുണ്ടെങ്കിലും വെബ്സൈറ്റിൽ ഇതുസംബന്ധിച്ച അറിയിപ്പ് ഉണ്ടായിരിക്കും.

നഗരത്തിലേക്ക് ‘പ്രവേശനഫീസ്’; ‘മാസപ്പടി’ ആരോപണവുമായി കേരള ബസുടമകൾ
ബെംഗളൂരു∙ ആർടിഒമാർക്ക് 30,000 രൂപ വരെ പ്രതിമാസം കൈക്കൂലി നൽകിയാലേ ഇലക്ട്രോണിക് സിറ്റിയിലും മജസ്റ്റിക്കിലുമൊക്കെ കേരള റജിസ്ട്രേഷൻ സ്വകാര്യ ബസുകൾക്ക് സുഗമസഞ്ചാരം നടത്താനാകൂ എന്നു പരാതി. ഇതെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കർണാടക പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഗതാഗതവകുപ്പ് കമ്മിഷണർക്ക് പരാതി നൽകി. ഇടനിലക്കാരൻ മുഖേനയാണ് മാസപ്പടി ഇടപാടുകൾ നടത്തുന്നതെന്ന് ഫെഡറേഷൻ പ്രസിഡന്റ് എസ്.നടരാജ ശർമയുടെ പരാതിയിലുണ്ട്. ഇതിനു തെളിവുകളുമായി വിവിധ ബസ് ഉടമകളും രംഗത്തുവന്നു. ഗൂഗിൾപേ വഴി പണം നൽകിയതിന്റെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെയാണ് പരാതി.

നിരക്ക് കൊള്ള
പൂജ അവധിയോടനുബന്ധിച്ചു സ്വകാര്യ ബസുകളിൽ നിരക്ക് രണ്ടിരട്ടി വരെയാണ് ഈടാക്കുന്നത്. തിരക്ക് കൂടുതലുള്ള 16, 17, തീയതികളിൽ ബെംഗളൂരു – എറണാകുളം റൂട്ടിലുള്ള ചില സ്വകാര്യ ബസുകളിൽ 4000 രൂപയ്ക്കു മുകളിലാണ് നിരക്ക്. സാധാരണ ദിവസങ്ങളിൽ 1500–2000 രൂപയാകാറുള്ള ബസുകളിലെല്ലാം 3000 രൂപയ്ക്കടുത്തായി ടിക്കറ്റ് നിരക്ക്.