Headlines

മീൻ, നാരങ്ങ, സിന്ദൂരം: ജാമ്യം കിട്ടാൻ ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് പൂജ ശ്മശാനത്തിൽ

 

ബിലാസ്പൂർ∙ ബന്ധുവിനു ജാമ്യം ലഭിക്കാനായി ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് പൂജ. സിപത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ദേവ്രി ഗ്രാമത്തിലെ ശ്മശാനത്തിലാണു സംഭവം. സംഭവത്തിൽ ഒരാളെ ബിലാസ്പൂർ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച രാത്രിയാണ് ദേവ്രി ഗ്രാമത്തിലെ ശ്മശാനത്തിനടുത്ത് സംശയാസ്പദമായ രീതിയിൽ നാലുപേരെ നാട്ടുകാർ കണ്ടു. ഇവർ എന്തോ ചെയ്യുന്നതു കണ്ട് അവർക്കരികിലേക്കു നാട്ടുകാർ എത്തിയപ്പോഴേക്കും മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പിന്നാലെ സംശയം തോന്നിയതോടെ നാലാമനായ റിഷികേശ് കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.ചോദ്യം ചെയ്യലിനിടെ, തന്റെ ബന്ധുവിനു കോടതിയിൽനിന്നു ജാമ്യം ലഭിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് പൂജ ചെയ്തതെന്ന് റിഷികേശ് പറഞ്ഞു. റിഷികേശിന്റെ ബന്ധുവായ പ്രിയാംശു ബോലെ അടക്കമുള്ളവരെ കത്തിക്കുത്ത് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ ഒരാൾക്കു ജാമ്യം ലഭിച്ചു. എന്നാൽ മറ്റുള്ളവരുടെ ജാമ്യാപേക്ഷകൾ‍ കോടതിയുടെ പരിഗണനയിലാണ്. ജാമ്യം ലഭിക്കാൻ ചെയ്യാവുന്ന പൂജ എന്ന തരത്തിലുള്ള വിഡിയോ കണ്ടതിനുശേഷമാണ് ഇത്തരത്തിൽ ചെയ്തതെന്ന് റിഷികേശ് പൊലീസിനോടു പറഞ്ഞു.പരിശോധനയിൽ സംഭവസ്ഥലത്തുനിന്ന് മീൻ, നാരങ്ങ, സിന്ദൂരം, ചീഫ് ജസ്റ്റിസ് രമേശ് സിൻഹയുടെയും മറ്റു രണ്ടു പേരുടെയും ഫോട്ടോകൾ എന്നിവ ഉൾപ്പെടെയുള്ള പൂജാ സാധനങ്ങൾ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയ രണ്ട് ഫോട്ടോകളിൽ ഒന്ന് പ്രിയാംശുവിന്റേതാണ്. രണ്ടാമത്തേത് കേസിലെ ഇരയുടേതായിരുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം പൂജകൾ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എസ്പി രജനീഷ് സിങ് പറഞ്ഞു.