Headlines

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമം; ‘ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും’; അമിത് ഷായ്ക്ക് എതിരെ രാഹുല്‍ ഗാന്ധി

 

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും പെല്ലറ്റ് പ്രയോഗിക്കുകയും ചെയ്തു. ഇത്രയും ദിവസമായിട്ടും അമിത് ഷാ മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും. നരേന്ദ്ര മോദി ജി മാപ്പ് പറയുന്നതിന് പകരം ക്ഷമ വിതറുകയാണ്. വിദ്യാര്‍ഥികളാണ് രാജ്യത്തിന്റെ വെളിച്ചം. അവരുടെ ശക്തിയായി ഒപ്പമുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രയാഗ്‌രാജില്‍ കണ്ട വിദ്യാര്‍ഥിയുടെ വാക്കുകള്‍ പങ്കുവച്ചാണ് പ്രതികരണം.

 

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ കോണ്‍ഗ്രസ് പ്രതിഷേധം ചലനമുണ്ടാക്കിയില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തിയിലാണ് നേതൃത്വം. ബിജെപിക്ക് സുഖിക്കുന്ന വര്‍ത്തമാനം ആരും നടത്തരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയെന്ന് ഖര്‍ഗെയും വ്യക്തമാക്കി. അതേസമയം, നാളെ ലോക്‌സഭയില്‍ അമിത് ഷാ എത്തുമോ എന്ന ആകാംക്ഷയിലാണ് പ്രതിപക്ഷം. കേരളത്തിന്റെ പേരു മാറ്റുന്ന ബില്ലടക്കം നാലു ബില്ലുകള്‍ ലിസ്റ്റ് ചെയ്തതില്‍ രണ്ടെണ്ണം അവതരിപ്പിക്കുക അമിത്ഷായാണ്.

 

എന്നാല്‍, തന്റെ പ്രസ്താവനയെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് തരൂരിന്റെ മറുപടി.