യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും പാലക്കാട് എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റ് പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. പരാതി വന്നപ്പോള്‍ തന്നെ പാര്‍ട്ടി രാഹുലിനെതിരെ നടപടി സ്വീകരിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നും, പരാതി ഉയര്‍ന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തുവെന്നും, പിന്നീട് രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുലിനെ ചുമതലയില്‍ നിന്നും നേതൃത്വം ഇടപെട്ട് രാജിവെപ്പിക്കുകയായിരുന്നു. എന്നാല്‍ എം എല്‍ എ സ്ഥാനം രാജിവെക്കണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം രാഹുല്‍ അംഗീകരിച്ചില്ല.രാഹുല്‍ മാങ്കൂട്ടത്തിന്റെ പേരില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നും, പൊലീസില്‍ പരാതിവരാതിടത്തോളംകാലം അച്ചടക്കനടപടി സ്വീകരിക്കുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. റിനിയുടെ വെളിപ്പെടുത്തലിന് ശേഷം സംസ്ഥാന ആഭ്യന്തരവകുപ്പ് രാഹുലിന്റെ സ്ത്രീപീഡന കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് അവസാനിപ്പിച്ചു. ഇതോടെ രാഹുല്‍ പാലക്കാട് സ്വന്തം മണ്ഡലത്തില്‍ വീണ്ടും സജീവമായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനറങ്ങിയ രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം താക്കീത് ചെയ്തു. തിരഞ്ഞൈടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങരുതെന്നായിരുന്നു കെ പി സി സിയുടെ താക്കീത്. എന്നാല്‍ രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി.
ആദ്യപീഡനപരാതിയില്‍ അതിജീവിതയായ യുവതി നവംബര്‍ 16 ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പരാതി കൈമാറിയതോടെ കേസിന്റെ ഗതിവിഗതികള്‍ മാറിമറിഞ്ഞു. ആരും പരാതി നല്‍കിയില്ലെന്നും അതിനാല്‍ അച്ചടക്കനടപടികള്‍ കര്‍ശനമാക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാട് കോണ്‍ഗ്രസ് നേതൃത്വവും ഉപേക്ഷിച്ചു. പീഡനക്കേസില്‍ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. രാജ്യാപേക്ഷ കോടതി നിരസിച്ചതോടെ കോണ്‍ഗ്രസിന്റെ പ്രാഥിമികാംഗത്വത്തില്‍ നിന്നും രാഹുലിനെ പുറത്താക്കി. പൊലീസിനെ വെട്ടിച്ച് പാലക്കാടുനിന്നും എം എല്‍ എയുടെ വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇതേ സമയം ബാംഗ്ലൂര്‍ സ്വദേശിനായ ഒരു യുവതികൂടി രാഹുലിനെതിരെ ലൈംഗിപീഡന പരാതിയുമായി രംഗത്തെത്തി. ഇതോടെ രാഹുല്‍ കൂടുതല്‍ പ്രതിരോധത്തിലായി. ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതി കെ പി സി സി നേതൃത്വത്തിനായിരുന്നു പരാതി നല്‍കിയത്. കെ പി സി സി അധ്യക്ഷന് ലഭിച്ച പരാതി പൊലീസ് മേധാവിക്ക് കൈമാറിയതോടെ രണ്ട് പീഡന പരാതികളില്‍ രാഹുല്‍ അറസ്റ്റു ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായി. തദ്ദേശതിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവം രാഹുലിനെതിരെയുള്ള കേസും, ഒളിവുജീവിതവുമായിരുന്നു.രാഹുലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതോടെ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായും രാഹുല്‍ മാങ്കൂട്ടത്തെ കൈയ്യൊഴിഞ്ഞു. രാഹുല്‍ ദിവസങ്ങളോളം കേരളത്തിന് പുറത്ത് ഒളിവില്‍ കഴിയുകയും ഹൈക്കോടതിയില്‍ നിന്നും അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ലഭിച്ചു. രാഹുല്‍ വീണ്ടും മണ്ഡലത്തില്‍ സജീവമാകാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് വീണ്ടും കേസും പിന്നാലെ അറസ്റ്റും നടന്നത്.
രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തുടര്‍ച്ചയായി ലൈംഗിക പീഡനപരാതികള്‍ ഉയര്‍ന്നതും രാഹുല്‍ അറസ്റ്റു ചെയ്യപ്പെട്ടതും കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കിയിരിക്കയാണ്. രാഹുല്‍ മാങ്കൂട്ടം പാലക്കാട് എം എല്‍ എ സ്ഥാനം രാജിവെക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുള്ളതിനാലാണെന്നാണ് സി പി ഐ എമ്മും, ബി ജെ പിയും ആരോപിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ രാഹുലിനെ പിന്നെ എങ്ങിനെ പാര്‍ട്ടി നിയന്ത്രിക്കുമെന്നാണ് ഉയരുനന് ചോദ്യം. യുവതിയുടെ പരാതിയില്‍ അതിവേഗമാണ് നടപടികള്‍ ഉണ്ടായതും അറസ്റ്റിലേക്ക് നീങ്ങിയതും.
രാഹുല്‍ മാങ്കൂട്ടം വിഷയം കഴിഞ്ഞ ആറുമാസത്തോളമായി കോണ്‍ഗ്രസിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ്. യുവനടി റിനി ജോര്‍ജ് ഒരു അഭിമുഖത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആഞ്ഞടിക്കുന്നത്. ഒരു യുവ നേതാവ് തന്നോട് മോശമായി പെരുമാറിയെന്നും, അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നായിരുന്നു യുവനടിയായ റിനി ഒരു അഭിമുഖത്തില്‍ ആരോപിച്ചത്. ഈ ആരോപണമാണ് രാഹുലിനെ വരിഞ്ഞു മുറുക്കിയത്.
റിനിയുടെ ആരോപണം വരുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ലൈംഗികപീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ രാഹുലിനെതിരെ പരാതിയുമായി ആരും മുന്നോട്ടുവരാത്ത സാഹചര്യത്തില്‍ സൈബറിടങ്ങളില്‍ ആരോപണത്തിന്റെ മുനയൊടിഞ്ഞു. ഇതോടെ എല്ലാം അവസാനിച്ചുവെന്ന് കരുതിയ കോണ്‍ഗ്രസ് നേതൃത്വം പിന്നീട് കനത്ത പ്രതിരോധത്തിലായി.
തിരഞ്ഞെടുപ്പിന് മൂന്നു മാസങ്ങള്‍ മാത്രം ശേഷിക്കെ രാഹുല്‍മാങ്കൂട്ടം എം എല്‍ എ സ്ഥാനം രാജിവെക്കുന്നത് വലിയ ക്ഷീണമാവും. നേരത്തെ രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് ക്ഷീണവുണ്ടാവില്ലായിരുന്നുവെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ കണ്ട് സി പി ഐ എം നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് കേസുകള്‍ ഒന്നിനു പിറകെ ഒന്നായി രംഗത്തുവരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ രാഹുല്‍ കേസ് ഒരുതരത്തിലും ബാധിക്കില്ലെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.







