ഒട്ടാവ∙ ടൊറന്റോയിൽ ഇന്ത്യൻ വംശജയെ കൊലപ്പെടുത്തിയ കേസിൽ ഏഴ് മാസങ്ങൾക്ക് ശേഷം പങ്കാളി അബ്ദുൾ ഗഫൂരി(32) അറസ്റ്റില്‍. 30കാരി ഹിമൻഷി ഖുറാനയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് വഴിതിരിവ്. ടൊറന്റോ വിമാനത്താവളത്തിൽ നിന്നാണ് അബ്ദുൾ ഗഫൂരി അറസ്റ്റിലായത്. പരോള്‍ ഇല്ലാതെ ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ 19നാണ് ഹിമൻഷിയെ കാണാതാകുന്നത്. പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണം കൊലപാതകമാണെന്നും കൃത്യത്തിൽ അടുത്ത ബന്ധത്തിലുള്ള വ്യക്തിക്ക് പങ്കുള്ളതായും പൊലീസ് സംശയം ഉന്നയിച്ചിരുന്നു. അന്വേഷണത്തിൽ ഹിമാൻഷിയും ഗഫൂരിയും പങ്കാളികളായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ഇയാൾക്കായി പൊലീസ് രാജ്യവ്യാപക വാറന്റ് പുറപ്പെടുവിച്ചിരുന്നു. സംഭവം നടന്ന് രണ്ടാം ദിവസമാണ് കൊല്ലപ്പെട്ടത് ഇന്ത്യന്‍ വംശജയാണെന്ന വിവരം പുറത്തുവന്നത്. ഹിമൻഷിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് പിന്തുണ നൽകുമെന്നും കോൺസുലേറ്റ് അറിയിച്ചിരുന്നു. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് അന്വേഷണം ഊർജിതമാക്കുമെന്നും കോൺസുലേറ്റ് വ്യക്തമാക്കിയിരുന്നു.






