Headlines

ആയുധ ഉൽപാദനം ഉടനടി വർധിപ്പിക്കാൻ യുഎസ്; 21 ദിവസത്തിനകം പുതിയ പദ്ധതി, പ്രമുഖ കമ്പനികൾക്ക് കത്ത്

 

വാഷിങ്ടൻ ∙ ഇറാനുമായുള്ള യുദ്ധത്തെത്തുടർന്ന് യുഎസ് സൈന്യത്തിന്റെ ആയുധശേഖരത്തിൽ ഉണ്ടായ വൻ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ട്, ആയുധ ഉൽപാദനം അടിയന്തരമായി വർധിപ്പിക്കാൻ പ്രതിരോധ കമ്പനികൾക്ക് പെന്റഗണിന്റെ കർശന നിർദേശം. വാഷിങ്ടൻ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഡപ്യൂട്ടി ഡിഫൻസ് സെക്രട്ടറി സ്റ്റീവ് ഫെയിൻബെർഗ് പ്രതിരോധ മേഖലയിലെ പ്രമുഖ കമ്പനികൾക്ക് കത്തയച്ചു. ആയുധ വിതരണവും ഉൽപാദനവും ഗണ്യമായി വർധിപ്പിക്കുന്നതിനുള്ള വ്യക്തമായ പദ്ധതികൾ 21 ദിവസത്തിനകം സമർപ്പിക്കാനാണ് നിർദേശം. വർഷങ്ങൾ നീളുന്ന വികസന പ്രക്രിയകൾ ഇനി അനുവദിക്കാനാകില്ലെന്നും നമ്മൾ ആയുധ ഉൽപാദന ശേഷി ഉടനടി വിപുലീകരിക്കണമെന്നുമാണ് കത്തിൽ പറയുന്നത്.സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ പഠനപ്രകാരം യുഎസിന്റെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ എണ്ണത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിനു മുൻപ് 2,330 എണ്ണമുണ്ടായിരുന്ന പേട്രിയറ്റ് മിസൈൽ വേധ സംവിധാനം ഏപ്രിലിലെ വെടിനിർത്തൽ സമയത്ത് 1,030 ആയി കുറഞ്ഞു. നിലവിൽ ഇത് 759 നും 827 നും ഇടയിലേക്ക് (ഏകദേശം 65 ശതമാനം കുറവ്) ചുരുങ്ങി. യുദ്ധത്തിനു മുൻപ് 452 എണ്ണമുണ്ടായിരുന്ന താഡ് പ്രതിരോധ സംവിധാനം നിലവിൽ 234 നും 278 നും ഇടയിലേക്ക് (ഏകദേശം 38 ശതമാനം കുറവ്) കുറഞ്ഞു. മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ കുറവ് കാരണം ശത്രുക്കളുടെ ഡ്രോണുകൾക്കും മിസൈലുകൾക്കുമെതിരെ യുഎസിന്റെ പ്രതിരോധശക്തി ക്ഷയിച്ചിട്ടുണ്ട്. ഇത് അമേരിക്കൻ സൈനികരുടെ സുരക്ഷയെ കൂടുതൽ അപകടത്തിലാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സൈന്യത്തിന് ആവശ്യമായ ആയുധങ്ങൾ കൃത്യസമയത്ത് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പെന്റഗൺ വക്താവ് സീൻ പാർനെൽ പറഞ്ഞു. പുതിയ നിർദേശങ്ങൾ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

എന്നാൽ ആയുധക്ഷാമം ഉണ്ടെന്ന വാർത്തകളെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. അമേരിക്കയുടെ പക്കൽ വൻതോതിൽ ആയുധങ്ങളുണ്ടെന്നും, ആവശ്യാനുസരണം അവ നിർമിക്കുന്നുണ്ടെന്നുമാണ് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. പ്രതിരോധ ബജറ്റ് കഴിഞ്ഞ വർഷത്തെ 900 ബില്യൺ ഡോളറിൽ നിന്ന് 1.5 ട്രില്യൺ ഡോളറായി ഉയർത്താൻ വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇറാനെതിരെയുള്ള ട്രംപിന്റെ സൈനിക നടപടികളിൽ അതൃപ്തിയുള്ള കോൺഗ്രസ് (അമേരിക്കൻ പാർലമെന്റ്) ഈ പ്രതിരോധ ബില്ലിന് അനുമതി നൽകാതെ തടഞ്ഞുവെച്ചിരിക്കുകയാണ്.