തിരുവനന്തപുരം ∙ ജാഗ്രതാനിർദേശം ഇല്ലാത്ത പ്രദേശങ്ങളിൽപോലും പ്രളയസമാനമായ അതിതീവ്രമഴ സംസ്ഥാനത്തു പതിവാകുന്നു. സാധാരണ ഒന്നോ രണ്ടോ മണിക്കൂറിൽ 5–8 സെന്റിമീറ്റർ മഴയാണു പെയ്യുന്നതെങ്കിൽ കഴിഞ്ഞദിവസം ഈ സ്ഥിതി മാറി അതിതീവ്ര മഴയായി. കാലാവസ്ഥാ വകുപ്പ് ‘ഗ്രീൻ’ അല്ലെങ്കിൽ ‘യെലോ’ അലർട്ട് നൽകിയ പ്രദേശങ്ങളിൽപോലും പേമാരി പെയ്തു.പ്രളയമഴയ്ക്കു പിന്നിൽ പ്രാദേശിക ലഘുമേഘസ്ഫോടനങ്ങളാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപഗ്രഹങ്ങൾക്കോ ഡോപ്ലർ റഡാറുകൾക്കോ മുൻകൂട്ടി അറിയാനാകാത്തത്ര ചെറിയ വിസ്തൃതിയിലാണു കനംകൂടിയ മേഘങ്ങൾ പെട്ടെന്നു രൂപപ്പെടുന്നത്. സാങ്കേതികമായി മേഘസ്ഫോടനം എന്നു നിർവചിക്കാനാകില്ലെങ്കിലും ഇപ്പോഴത്തെ മഴയ്ക്കും സമാനമായ നാശമുണ്ടാക്കാനാകും. പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവയ്ക്കും കാരണമാകും.∙ മുന്നറിയിപ്പ് മാറ്റിനൽകി
കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലർട്ട് നൽകിയ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലുൾപ്പെടെ റെഡ് അലർട്ടിനു സമാനമായി മഴ പെയ്തതിനെത്തുടർന്ന് ഇന്നലെ രാവിലെ ജാഗ്രതാ മുന്നറിയിപ്പ് മാറ്റിനൽകി. 20 സെന്റിമീറ്റർ മഴയാണു പ്രതീക്ഷിച്ചതെങ്കിൽ 30 സെന്റിമീറ്റർ വരെ പലയിടത്തും പെയ്തു.ശക്തമായ മൺസൂണിന്റെ ലക്ഷണങ്ങളുണ്ടെങ്കിലും എൽനിനോ ഉൾപ്പെടെ ഘടകങ്ങളുടെ സ്വാധീനം കാരണം മഴ നീണ്ടുനിൽക്കാൻ സാധ്യതയില്ലെന്ന് തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ പറഞ്ഞു.” 24 മണിക്കൂറിൽ 20 സെന്റിമീറ്റർ മഴ രേഖപ്പെടുത്തുന്ന സ്ഥിതിക്കു പകരം ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ അതിതീവ്രമായി പെയ്യുന്നതാണു കേരളത്തിൽ കാണുന്നത്. ഇത്തരം ലഘുമേഘവിസ്ഫോടനങ്ങൾ 2019 ഓഗസ്റ്റ് മുതലാണു പ്രകടമായത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവും അതിന്റെ ഭാഗമായി പടിഞ്ഞാറൻകാറ്റ് ശക്തിപ്പെട്ട് അറബിക്കടലിൽനിന്നു വലിയ തോതിൽ ഈർപ്പം കരയിലേക്കു കയറുന്നതുമാണ് അതിതീവ്ര മഴയ്ക്ക് പെട്ടെന്നുള്ള കാരണം. പശ്ചിമഘട്ട പ്രദേശങ്ങളുടെ ദുർബലാവസ്ഥ, ഭൂവിനിയോഗത്തിൽ വന്ന മാറ്റങ്ങൾ, സങ്കീർണവും കുത്തനെയുമുള്ള മലഞ്ചെരിവുകളിൽ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിർമാണങ്ങൾ എന്നിവയും കാരണം” – ഡോ. പി.വിജയകുമാർ, പരിസ്ഥിതിശാസ്ത്ര വിഭാഗം, കേരള സർവകലാശാല






