കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ നിർദേശിച്ചാതായി സൂചന. ഉന്നത സ്ഥാനത്ത് തുടരുന്നതിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം. അതിനിടെ കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രതികളായ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനും കെ.എ രതീഷിനുമെതിരെ സിബിഐ അഴിമതി നിരോധന നിയമം ചുമത്തി. തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. വിചാരണ കൊച്ചി സിബിഐ കോടതിയിലേക്ക് മാറ്റാനും അപേക്ഷ നൽകി.
ആർ. ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ. എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. 2006 മുതൽ 2015 വരെയുള്ള കാലയളവിലാണ് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയെന്ന് ആരോപണമുയർന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് എത്തിയത്. അന്വേഷണത്തിൽ കോർപ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചതായി സി.ബി.ഐ കണ്ടെത്തുകയും പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.






