നാല് മാസത്തെ ലോക്ക്ഡൗൺ തടഞ്ഞത് 78,000 വരെ കോവിഡ് മരണം; ആരോ​ഗ്യമന്ത്രി ലോക്സഭയിൽ

ഇന്ത്യയിൽ കോവിഡ് രോ​ഗബാധിതരുടെ എണ്ണവും കോവിഡ് മരണവും ഉയരുന്ന സാഹചര്യത്തിൽ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരണവുമായി ആരോ​ഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി നടത്തിയ നാല് മാസത്തെ ലോക്ക്ഡൗൺ 37,000 മുതൽ 78,8000 വരെ കോവിഡ് മരണം തടയാൻ കഴിഞ്ഞെന്ന് ആരോ​ഗ്യമന്ത്രി ലോക്സഭയിൽ പറഞ്ഞു.

14 ലക്ഷം മുതൽ 29 ലക്ഷം വരെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം നിയന്ത്രിക്കാനും ലോക്ക്ഡൗൺ കാരണമായെന്ന് മന്ത്രി വിശദീകരിച്ചു. ഇതേ സമയം ലോക്ക്ഡൗണിനിടെ ആരോ​ഗ്യരം​ഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി കൂട്ടിചേർത്തു.

ഐസോലേഷൻ ബെഡുകളും ഐ.സിയു ബെഡുകളും ഉൾപ്പടെ നിരവധി സൗകര്യങ്ങൾ വർദ്ധിപ്പിച്ചു. പി.പി.ഇ. കിറ്റ്, എൻ-95 മാസ്ക്, വെന്റിലേറ്ററുകൾ തുടങ്ങിയവ കൂടുതൽ ഉത്‌പാദിപ്പിക്കാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യ നിരവധി വഴികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച 92,071 പേര്‍ക്ക് കൂടി പുതുതായി കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1136 പേരാണ് ഒരു ദിവസം മരിച്ചത്.