ഗുരുവായൂർ ∙ വിദ്യാർഥികളെ സ്കൂളിൽ കൊണ്ടു പോകുന്ന 2 സ്വകാര്യ കരാർ വാഹനങ്ങൾക്ക് മതിയായ രേഖകൾ ഇല്ലാത്തതിനാൽ മോട്ടർ വാഹന വകുപ്പ് വാഹനങ്ങൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വിദ്യാർഥികളെ കൊണ്ടു പോയിരുന്ന 2 വാനുകളാണ് അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശങ്കറിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ഫിറ്റ്നസ്, പെർമിറ്റ്, ടാക്സ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ സർവീസ് നടത്തിയതിന് വാനുകളിലൊന്നിന് 8,000 രൂപയും മറ്റേതിന് 27,500 രൂപയും പിഴയിട്ടു. കുട്ടികൾക്ക് അപകടം ഉണ്ടാക്കുന്ന വിധത്തിൽ വാഹനം ഓടിച്ചതിന് ഡ്രൈവർമാരുടെ ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ നടപടി ആരംഭിച്ചു. എടപ്പാളിലെ ഗതാഗത വകുപ്പിന്റെ പരിശീലന കേന്ദ്രത്തിൽ ഡ്രൈവർമാർ 5 ദിവസത്തെ പരിശീലനം പൂർത്തിയാക്കണം.
പാവറട്ടി മേഖലയിൽ രേഖകളോ അനുമതിയോ ഇല്ലാതെ സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന സ്വകാര്യ വാഹനങ്ങൾ ഉണ്ടെന്ന വിവരം ലഭിച്ചതായും ഇവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ഗുരുവായൂർ ജോയിന്റ് ആർടിഒ എം.രമേഷ് പറഞ്ഞു. സ്കൂളിലേക്ക് വിദ്യാർഥികളുമായി എത്തുന്ന എല്ലാ വാഹനങ്ങളുടെയും റജിസ്റ്റർ സൂക്ഷിക്കണമെന്നും ഒരു അധ്യാപകന് ഇതിന്റെ ചുമതല നൽകണമെന്നുമുള്ള സർക്കാർ നിർദേശം സ്കൂൾ അധികൃതർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








