Headlines

‘ഏതു നിമിഷവും ആക്രമിക്കപ്പെടാം’: യുക്രെയ്ൻ തുറമുഖത്ത് 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നു

 

കീവ്∙ കരിങ്കടലിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടരുന്നതിനിടെ, യുക്രെയ്നിലെ ചോർണോമോസ്ക് തുറമുഖത്ത് ചരക്കു കപ്പലിൽ 13 ഇന്ത്യൻ നാവികരടക്കം 15 പേർ കുടുങ്ങിയെന്ന് റിപ്പോർട്ട്. എം.വി. അമിർ1 എന്ന കപ്പലിലാണ് ജീവനക്കാർ കുടുങ്ങിക്കിടക്കുന്നത്.ഭീതിജനകവും ജീവന് ഭീഷണിയുള്ളതുമായ സാഹചര്യത്തിലാണ് നാവികരുള്ളതെന്ന് നാവികരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (എഫ്എസ്‌യുഐ) പറഞ്ഞു. ഏതു സമയത്തും ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് കപ്പലിലെ നാവികർ കഴിയുന്നതെന്നും എഫ്എസ്‌യുഐ കൂട്ടിച്ചേർത്തു. ‘അടിയന്തര അപേക്ഷ, എം.പി.അമിർ1, 13 ഇന്ത്യക്കാരടക്കം 15 നാവികരുമായി യുക്രെയ്നിലെ ചോർണോമോസ്ക് തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്.’ – എഫ്എസ്‌യുഐ എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു. ആവർത്തിച്ചുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ കപ്പലിനു സമീപം നടക്കുന്നുണ്ട്. ഏതു നിമിഷവും ആക്രമിക്കപ്പെടാമെന്ന ഭീതിയിലാണ് നാവികർ. ബന്ധപ്പെട്ട അധികൃതരും കപ്പൽ ഉടമകളും ഇന്ത്യൻ സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും പോസ്റ്റിൽ ആവശ്യപ്പെടുന്നു. അതേസമയം, ഇക്കാര്യം വിദേശകാര്യമന്ത്രാലയമോ കപ്പൽ കമ്പനിയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യുക്രെയ്നിന്റെ തെക്കൻ തീരങ്ങളിൽ കപ്പലുകൾക്കുനേരെ സമാന ആക്രമണങ്ങൾ നേരത്തെയും നടന്നിരുന്നു. കഴിഞ്ഞയാഴ്ച കരിങ്കടലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ യുക്രെയ്ൻ അംബാസഡർ ഒലെക്സാൻഡർ പോളിഷ്ചുക്കിനെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിക്കുകയും ചെയ്തു.