Headlines

‘12 ലക്ഷം തന്നാൽ 99 പെർസെന്റൈൽ’: പ്ലസ്ടുവിന് 51%; സിഇടിയിൽ 99%, ക്രമക്കേടെന്ന് ആരോപണം

 

മുംബൈ ∙ 12 ലക്ഷം രൂപ നൽകിയാൽ മഹാരാഷ്ട്ര കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു പ്രത്യേക പരീക്ഷാകേന്ദ്രം അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നു. പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചവർക്കുപോലും പ്രവേശന പരീക്ഷയിൽ 99 പെർസെന്റൈൽ ലഭിച്ചതോടെയാണ് ആരോപണം ഉയർന്നത്.

 

നന്ദേഡിൽനിന്നുള്ള ബിജെപി കോർപറേറ്ററുടെ രണ്ടു മക്കൾക്ക് പ്ലസ് ടു പരീക്ഷയിൽ യഥാക്രമം 56, 51 ശതമാനം മാർക്കാണ് ലഭിച്ചത്. ദേശീയതലത്തിൽ നടക്കുന്ന ജെഇഇ പരീക്ഷയിൽ 51, 28 ശതമാനവും. എന്നാൽ, സിഇടി പരീക്ഷയിൽ രണ്ടുപേരും 99 പെർസെന്റൈൽ നേടി.പരീക്ഷാ കേന്ദ്രങ്ങളുടെ അലോട്മെന്റിൽ ആർക്കും സ്വാധീനം ചെലുത്താൻ കഴിയില്ലെന്നു സിഇടി സെൽ കമ്മിഷണറും സിഇഒയുമായ ദിലീപ് സർദേശായി വ്യക്തമാക്കി. ക്രമക്കേട് നടത്തിയതിനു തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു

 

മഹാരാഷ്ട്ര പിഎസ്‌സി ക്രമക്കേട്: 12 ലക്ഷം രൂപ വാങ്ങി ചോദ്യങ്ങൾ വിറ്റു.മുംബൈ∙ മഹാരാഷ്ട്ര പിഎസ്‌സി പരീക്ഷയ്ക്കുവേണ്ടി ചോദ്യങ്ങൾ തയാറാക്കിയയാൾ പരിശീലന സ്ഥാപനത്തിനു ചോദ്യങ്ങൾ ചോർത്തി നൽകിയെന്ന് ആരോപണം. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷയ്ക്കു 2 ദിവസം മുൻപു നന്ദുബാർ ജില്ലയിലെ കൗടില്യ അക്കാദമിക്കാണു നൽകിയത്. 12 ലക്ഷം രൂപ വീതം വാങ്ങി സ്ഥാപനം 90 ചോദ്യങ്ങൾ ഉദ്യോഗാർഥികൾക്കു വാട്സാപ്പിൽ നൽകി.

 

സന്ദേശങ്ങൾ വൈകാതെ ഡിലീറ്റ് ചെയ്തെങ്കിലും ഒരു ഉദ്യോഗാർഥി സുഹൃത്തിനു കൈമാറിയ പിഡിഎഫ് ഫയൽ പുറത്തായി. പരാതി ഉയർന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. 40,000–ൽ അധികം ഉദ്യോഗാർഥികളാണു മാർച്ച് 22 നു നടന്ന പരീക്ഷ എഴുതിയത്.