ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള വമ്പന്‍ താരങ്ങളുള്ള അല്‍ നസര്‍ ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. 800 മില്യണ്‍ റിയാലിലധികം കടബാധ്യതയുള്ള ക്ലബ്ബിനെ രക്ഷിക്കാന്‍ ഉടമസ്ഥരായ പി.ഐ.എഫ് മൂന്ന് അടിയന്തര നടപടികള്‍ പ്രഖ്യാപിച്ചു. സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വന്തമായി പണം കണ്ടെത്താതെ പുതിയ കളിക്കാരെ ടീമിലെടുക്കാന്‍ മാനേജ്മെന്റിന് അനുമതി നല്‍കേണ്ടെന്നാണ് തീരുമാനം. (debts choke Al-Nassr with no new signings)
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സാദിയോ മാനെയും യാവോ ഫെലിക്സും ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന, സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ നസര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 800 മില്യണ്‍ റിയാലിലധികം അതായത് 2000 കോടിയിലധികം രൂപയുടെ കടബാധ്യത കാരണം ക്ലബ്ബ് ഇപ്പോള്‍ സൗദി പ്രൊ ലീഗിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞ സീസണിലെടുത്ത തെറ്റായ സാമ്പത്തിക തീരുമാനങ്ങളാണ് ക്ലബ്ബിന് വലിയ തിരിച്ചടിയായത്. ഈ സാഹചര്യത്തില്‍ അല്‍ നസറിന്റെ ഉടമസ്ഥരായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അഥവാ പി.ഐ.എഫ് അടിയന്തര നടപടികളിലേക്ക് കടന്നു. മാനേജ്മെന്റിന്റെ സാമ്പത്തിക അധികാരങ്ങള്‍ പരിമിതപ്പെടുത്തി.ക്ലബ്ബിന്റെ വരവ് കൂട്ടാനും അനാവശ്യ ചെലവുകള്‍ കുറയ്ക്കാനും സ്വതന്ത്ര ഏജന്‍സികളുടെ സഹായം തേടാനും തീരുമാനമുണ്ട്. അതോടൊപ്പം ക്ലബ്ബിന്റെ ഭാഗിക ഓഹരികള്‍ വില്‍ക്കാനും പി.ഐ.എഫ് ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട രണ്ട് വലിയ ഓഫറുകള്‍ നിലവില്‍ പി.ഐ.എഫിന്റെ പരിഗണനയിലാണ്. സ്പോണ്‍സര്‍ഷിപ്പിലൂടെ സ്വന്തമായി വരുമാനം കണ്ടെത്താതെ ഇനി പുതിയ കളിക്കാരെയോ പരിശീലകരെയോ വാങ്ങാന്‍ മാനേജ്മെന്റിന് സാധിക്കില്ല. ഫിഫ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എല്ലാ ക്ലബ്ബുകള്‍ക്കും തുല്യ പരിഗണന മാത്രമേ നല്‍കൂ എന്നും പി.ഐ.എഫ് വ്യക്തമാക്കിയിട്ടുണ്ട്.






