വീണ ടി ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റിയത് 45 ലക്ഷം രൂപ; ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരിൽ ട്രാൻസ്പോർട്ട് കമ്പനികൾക്ക് പണം കൈമാറും, ഇ ഡി റിപ്പോർട്ട്

 

സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ ഈയാഴ്ച കണ്ടുകെട്ടിയേക്കും. മരവിപ്പിച്ച സ്വത്തുക്കൾ സംബന്ധിച്ച വിവരങ്ങൾ അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റിയ്ക്ക് ഇ ഡി കൈമാറി. സിഎംആർഎൽ എം ഡി എൻ ശശിധരൻ കർത്തയുടെയും ബന്ധുക്കളുടെയും 29 കോടി രൂപയും വീണ ടിയുടെ 17 ലക്ഷത്തോളം രൂപയും മരവിപ്പിച്ചു. വീണ ടിയെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം.

 

 

അതേസമയം,കേസിൽ സിഎംആർഎൽ കള്ളപ്പണം വെളുപ്പിക്കലിന് കൂടുതൽ തെളിവുകൾ ലഭിച്ചുവെന്നും ഇ ഡി റിപ്പോർട്ടിൽ അവകാശപ്പെടുന്നു. ചരക്ക് നീക്കത്തിന്റെ ചെലവെന്ന പേരിൽ ട്രാൻസ്പോർട്ടർമാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറും , പിന്നാലെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ച് CMRL ന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് തിരികെ നൽകും. ഇതിന് ട്രാൻസ്പോർട്ടർമാർക്ക് ലഭിക്കുക 7% കമ്മീഷൻ. ട്രാൻസ്പോർട്ടർമാരുടെ ചോദ്യം ചെയ്യലിലാണ് പ്രധാനപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്നും റിപ്പോർട്ടിൽ ഉണ്ട് .

 

 

വീണ ടി 45 ലക്ഷത്തോളം രൂപ ഇൻവോയിസ് ഇല്ലാതെ കൈപ്പറ്റി എന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. 2017 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് പണം ലഭിച്ചതെന്നും ഇ ഡി പറയുന്നു. വീണ പണം കൈപ്പറ്റിയത് ഐടി മാർക്കറ്റിംഗ് കൺസൾട്ടന്റ് എന്ന പേരിലായിരുന്നുവെന്നുവെന്നും എക്സലോജിക്കിന് മാസം 3 ലക്ഷം ലഭിച്ചെന്നും റിപ്പോർട്ടിൽ ഉണ്ട്. വീണയുടെ പങ്കാളിത്തമുള്ള കമ്പനിയായ ലേക്‌ ഇന്ത്യ കോർപ്പറേഷനെ കേന്ദ്രീകരിച്ചും കൂടുതൽ അന്വേഷണം ഉണ്ടാകും. .

 

CMRL നഷ്ടത്തിലായിരുന്നിട്ടും പൊതുഓഹരിയുടമകൾക്ക് ലാഭവിഹിതം (ഡിവിഡൻഡ്) നൽകാതിരുന്ന സാഹചര്യത്തിൽ പോലും, എസ്.എൻ. ശശിധരൻ കർത്ത, ശരൺ എസ്. കർത്ത, അനിൽ ആനന്ദ് പണിക്കർ എന്നിവർക്ക് അമിത പ്രതിഫലം നൽകിയതായി കണ്ടെത്തി.