Headlines

പ്രതിഷേധത്തിനിടെ യുവതിയുടെ നെഞ്ചിൽ പിടിച്ച് പൊലീസുകാരൻ; തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോയെന്ന് മുംബൈ പൊലീസ്

 

മുംബൈ∙ മുംബൈയിൽ വിദ്യാർഥി പ്രക്ഷോഭത്തിനിടെ പെൺകുട്ടിയെ കടന്നു പിടിച്ച് പൊലീസുകാരൻ. പെൺകുട്ടിയെ മോശമായി രീതിയിൽ സ്പർശിക്കുന്ന വിഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ വ്യാപകമായി വിമർശനമുയർന്നു. ദാദറിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സിവിൽ വസ്ത്രം ധരിച്ച പൊലീസുകാരൻ പെൺകുട്ടിയുടെ നെഞ്ചിൽ മോശമായി സ്പർശിച്ചത്. വിഡിയോ മുംബൈ കോൺഗ്രസ് പ്രസിഡന്റ് വർഷ ഗെയ്ക്‌വാദ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞുനിൽക്കുന്ന പെൺകുട്ടിയുടെ നെഞ്ചിൽ പൊലീസുകാരൻ പിടിക്കുന്നതായി വിഡിയോയിൽ കാണാം.‘ഇതെന്തു പെരുമാറ്റമാണ് മുംബൈ പൊലീസ്? എന്തിനാണ് യുവതികളായ പ്രതിഷേധക്കാരെ പുരുഷ പൊലീസ് ഇത്തരത്തിൽ കയ്യേറ്റം ചെയ്യുന്നത്. എന്തുകൊണ്ട് വനിതാ പൊലീസില്ല? ഇത് അംഗീകരിക്കാൻ കഴിയാത്തതാണ്’.– മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ വർഷ ചോദിച്ചു.അതേസമയം, പൊലീസുകാരനെ പ്രതിരോധിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. വിഡിയോയെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും സമരക്കാർക്കിടയിൽപെട്ട പെൺകുട്ടിയെ പിടിച്ചുമാറ്റുകയാണ് പൊലീസുകാരൻ ചെയ്തതെന്നും മുംബൈ പൊലീസ് പറഞ്ഞു. പെൺകുട്ടി വരുന്നതിന് എതിർവശത്തേക്ക് നോക്കിയാണ് പൊലീസുകാരൻ നിന്നതെന്നും മുംബൈ പൊലീസ് വിശദീകരണത്തിൽ പറയുന്നു.