Headlines

മകളെ വിവാഹം ചെയ്ത് നല്‍കാത്തതില്‍ വൈരാഗ്യം; പിതാവിനെയും മകനെയും ക്രൂരമായി മര്‍ദിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍

 

തിരുവനന്തപുരം കിളിമാനൂരില്‍ പിതാവിനെയും മകനെയും കെട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഒന്നാം പ്രതി സുധീഷിനെയാണ് പോലീസ് പിടികൂടിയത്. ചിതറ പൊലീസാണ് പിടികൂടിയത്.

 

 

ചിതറ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പാറ ക്വാറിയിലായിരുന്നു പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. ഇന്നലെ ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ

സുധീഷിനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചിപ്പോള്‍ രക്ഷപെട്ടിരുന്നു. പിന്നാലെയാണ് ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുധീഷും പിടിയിലായത്. ഇതോടെ കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നത് പൊലീസിന് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു. പിന്നാലെ, റൂറല്‍ എസ്.പിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വ്യാപക പരിശോധന നടത്തി. കൃത്യത്തിനു ശേഷം കിളിമാനൂരില്‍ എത്തിയ പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച ശേഷം, കടക്കല്‍ കുമ്മിള്‍ ഉള്ള വീട്ടിലെത്തി ബാഗുകളും വസ്ത്രങ്ങളുമെടുത്ത് പളനിയിലേക്ക് പോയി. ഒരു ദിവസം അവിടെ തങ്ങിയ ശേഷം മടങ്ങിവന്ന് കുമ്മിള്‍ ഉള്ള പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.ഇന്നലെ വൈകുന്നേരം മുഖ്യ പ്രതി സുധീഷ് ഭക്ഷണം വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ നാട്ടുകാര്‍ സംശയം തോന്നി തടഞ്ഞു വെയ്ക്കാന്‍ ശ്രമിച്ചു. പിന്നാലെ നാട്ടുകാരെ കബളിപ്പിച്ച് സുധീഷ് രക്ഷപെടുകയായിരുന്നു.

 

ഇതറിഞ്ഞ ആരോമല്‍,ലാല്‍കൃഷ്ണന്‍,അരുണ്‍ എന്നിവര്‍ മറ്റൊരു ഒളിസങ്കേതത്തിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ ചിതറ പൊലീസ് പിടികൂടുകയായിരുന്നു.

 

സുധീഷുമായുള്ള മകളുടെ വിവാഹാലോചന നിരസിച്ചതിനാണ് അനില്‍കുമാറിനെയും മകനെയും കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്. പിടിയിലായ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ക്രൂരപീഡനത്തിനായിട്ടാണ് വെള്ളല്ലൂരിലെ വീട്ടില്‍ പ്രത്യേക കാര്യങ്ങള്‍ ക്രമീകരിച്ചതെന്നും പ്രതികള്‍

മൊഴി നല്‍കി.