Headlines

പ്ലീഡർ നിയമന വിവാദം: കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി KPCC; അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും

 

സർക്കാർ പ്ലീഡർ നിയമനത്തിൽ കെഎസ്‌യു- മുഖ്യമന്ത്രി പോരിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി നേതൃത്വം. പരസ്യ പ്രതികരണവും പ്രതിഷേധവും വേണ്ടെന്ന് കെപിസിസി നേതൃത്വം നിർദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനം നടത്തരുതെന്നും നിർദേശം. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും. കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകാനും ആലോചന. വിഷയത്തിൽ കെപിസിസി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്.

 

 

അലോഷ്യസ് സേവ്യറിനെ തള്ളാതെയായിരുന്നു രമേശ് ചെന്നിത്തലയുടേയും കെസി വേണുഗോപാലിന്റേയും പ്രതികരണം. എന്നാൽ, കെഎസ്‌യുവിനെ രൂക്ഷമായി വിമർശിച്ച് മന്ത്രി എപി അനിൽകുമാർ രംഗത്തെത്തിയിരുന്നു. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ടെന്ന് കെഎസ്‍യുവിനെ ഓർമ്മിപ്പിക്കുമ്പോഴും, പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടാക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും പ്രതികരിക്കുന്നത് മുഖ്യമന്ത്രി വിഡി സതീശനുള്ള മുന്നറിയിപ്പാണ്. എന്നാൽ മുഖ്യമന്ത്രിക്കായി പ്രതിരോധ കോട്ട തീർക്കാനാണ് കെഎസ് യുവിലെ വിഡി സതീശൻ പക്ഷത്തിന്റെ തീരുമാനം.ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും കടുത്ത അമർഷമാണ് ഒരു വിഭാഗം നേതാക്കൾക്ക്. കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയെന്നും മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വന്നയാളെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.