Headlines

മിഥുന്റെ മരണം: ‘സമ്മർദം നേരിട്ടിരുന്നു, അസുഖം വന്നാലും ലീവ് നൽകിയിരുന്നില്ല’; ആത്മഹത്യ കുറിപ്പ് പുറത്തുവിട്ട് കുടുംബം

 

ജോലിയിൽ പ്രവേശിച്ച അന്നുമുതൽ സമ്മർദം നേരിട്ടിരുന്നെന്ന് , തിരുവനന്തപുരത്ത് ജീവനൊടുക്കിയ മെഡിക്കൽ റെപ്രസെന്ററ്റീവ് മിഥുന്റെ ആത്മഹത്യ കുറിപ്പ്. സമ്മർദ്ദം മാനസികാരോഗ്യത്തെ ബാധിച്ചെന്നും ആത്മഹത്യ കുറിപ്പിൽ പരാമർശം. കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി മിഥുന്റെ കുടുംബം രംഗത്തെത്തി. അസുഖം വന്നാലും ലീവ് നൽകിയിരുന്നില്ലെന്നും മരിച്ചതിനു ശേഷം കമ്പനി അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

 

 

ടാർജറ്റ്,സെയിൽ,കൺവേർഷൻ ഇതിൽ കിട്ടേണ്ട പിന്തുണ ലഭിച്ചില്ലെന്നും രാജി വെയ്ക്കാൻ ആലോചിച്ചിരുന്നുവെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു. മരിക്കുന്നതിനു തലേദിവസം രാജിവയ്ക്കുന്നു എന്ന് പറഞ്ഞതാണെന്ന് കുടുംബം പറയുന്നു. വലിയ മാനസിക സമ്മർദ്ദം ജോലിയിൽ ഉണ്ടെന്ന് മരിക്കുന്നതിനു മുൻപ് തുറന്നു പറഞ്ഞിരുന്നു. രാവിലെ മുതൽ രാത്രി ഒരു മണി വരെയൊക്കെ ജോലി ഉണ്ടാകാറുണ്ട്. പരസ്യമായി മിഥുനെ കമ്പനി മാനേജർ അപമാനിക്കും. രാജി വെക്കുന്നു എന്നു പറഞ്ഞിട്ടും ജോലിയിൽ തുടരണമെന്നു ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറഞ്ഞു.

 

മിഥുന് സമ്മർദ്ദം താങ്ങാൻ ആകുന്നതിന് അപ്പുറമായിരുന്നു. മരിച്ചതിനുശേഷവും ഫോണിലേക്ക് മാനേജറുടെ കോൾ വന്നു. എവിടെ നിൽക്കുന്നു എന്നും എപ്പോൾ വരുമെന്നും മാത്രം ചോദിച്ചെന്ന് കുടുംബം പറയുന്നു. ആള് മരിച്ചു പോയി എന്ന് മറുപടി പറഞ്ഞതിനു ശേഷം പിന്നെ വിളിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. ഈ മാസം 15നാണ് മിഥുനെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്പനിയിൽ മിഥുൻ ജോയിൻ ചെയ്തത്.