Headlines

‘പപ്പാ, എന്നോട് ക്ഷമിക്കണം’; സർക്കാർ ജോലി ലഭിക്കാത്തതിൽ മാനസികവിഷമം, 23 വയസ്സുകാരൻ ജീവനൊടുക്കി

 

ലക്നൗ ∙ സർക്കാർ ജോലി ലഭിക്കാത്തതിലുള്ള മാനസികവിഷമത്തെ തുടർന്ന് 23 വയസ്സുകാരനായ ബിടെക് സ്വർണ മെഡൽ ജേതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കാൺപുർ ഗോവിന്ദ് നഗർ സ്വദേശിയായ ആനന്ദ് ആണ് മരിച്ചത്. ‘‘പപ്പാ, എന്നോട് ക്ഷമിക്കണം. ഒരു സർക്കാർ ജോലിക്കായി ഞാൻ അമ്പതോളം തവണ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല’’ – എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു.2024ൽ കാൺപുരിലെ പിഎസ്ഐടി എന്ന സ്വകാര്യ എൻജിനിയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ആനന്ദ് ഒന്നാം റാങ്കോടെയാണ് വിജയിച്ചത്. ഉത്തർപ്രദേശ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. 2024 ഓഗസ്റ്റിൽ നടന്ന ചടങ്ങിൽ കോളജ് അധികൃതർ ആനന്ദിന് സ്വർണമെഡൽ സമ്മാനിക്കുകയും ചെയ്തിരുന്നു. ആനന്ദിന്റെ മൂത്ത സഹോദരന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ ബിഹാറിലേക്ക് പോയിരിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ തനിച്ചായിരുന്ന ആനന്ദിനെ, വീട്ടുജോലിക്കാരി വന്ന് പലതവണ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ പൊളിച്ച് അകത്തുകടന്നപ്പോഴാണ് ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബിടെക് പഠനത്തിനു ശേഷം പവർ ഗ്രിഡിൽ ഒരു വർഷത്തെ അപ്രന്റീഷിപ്പ് ആനന്ദ് പൂർത്തിയാക്കിയിരുന്നു. പിന്നീട് വിവിധ മത്സരപരീക്ഷകൾക്കായി നിരന്തരം തയ്യാറെടുപ്പിലായിരുന്നു. പരീക്ഷകളിൽ പരാജയപ്പെട്ടതോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പിതാവ് രാജ്കുമാർ പറഞ്ഞു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഭൈരവ് ഘട്ടിൽ സംസ്കരിച്ചു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതായും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും ഗോവിന്ദ് നഗർ എസ്എച്ച്ഒ അശോക് കുമാർ ദുബെ അറിയിച്ചു.