ബെംഗളൂരു ∙ പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള മുൻ കാമുകന്റെയും സഹോദരന്റെയും പകയെത്തുടർന്ന് ബെംഗളൂരുവിൽ ക്രൂരമായ ആക്രമണത്തിന് ഇരയായ നിയമ വിദ്യാർഥിനി മരിച്ചു. കോടിഹള്ളി സ്വദേശിനിയും പാർട്ട് ടൈം ആയി പിസ ഔട്ട്ലെറ്റിൽ ജോലി ചെയ്യുകയുമായിരുന്ന അമൃതയാണ് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ജൂലൈ 13 നായിരുന്നു യുവതിക്ക് നേരെ ആക്രമണമുണ്ടായത്.കുടുംബ സുഹൃത്ത് വഴി പരിചയപ്പെട്ട ധനുഷ് എന്ന യുവാവുമായി അമൃത പ്രണയത്തിലായിരുന്നു. എന്നാൽ താൻ വിവാഹിതനാണെന്ന വിവരവും ഒരു കുട്ടിയുണ്ടെന്ന കാര്യവും ധനുഷ് അമൃതയിൽ നിന്ന് മറച്ചുവച്ചു. ഇക്കാര്യം അറിഞ്ഞതോടെ അമൃത ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ബന്ധം അവസാനിപ്പിച്ചതിൽ പ്രകോപിതനായ ധനുഷിന്റെ സഹോദരൻ സൂര്യ, അമൃതയെ ഫോണിലൂടെയും മറ്റും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറയുന്നു.തുടർന്ന് ജൂലൈ 13ന് കോടിഹള്ളിയിലെ അമൃതയുടെ വീടിനു സമീപമെത്തിയ സൂര്യ യുവതിയെ തടഞ്ഞുനിർത്തി തർക്കത്തിലേർപ്പെട്ടു. വാക്കുതർക്കത്തിനൊടുവിൽ സൂര്യ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അമൃതയുടെ നെഞ്ചിൽ ക്രൂരമായി കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അമൃതയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നു ദിവസത്തിനു ശേഷം ജീവൻ നഷ്ടപ്പെടുകയായിരുന്നു. സംഭവത്തിൽ മുഖ്യപ്രതിയായ സൂര്യയേയും ഇതിന് പ്രേരിപ്പിച്ച മുൻ കാമുകൻ ധനുഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. നിലവിൽ സി.വി. രാമൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.








