കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി വോട്ടുകൾ എതിർ സ്ഥാനാർഥി വി.കുഞ്ഞിക്കൃഷ്ണന് അനുകൂലമാക്കാൻ പ്രവർത്തിച്ചവർ ആരെല്ലാമെന്നു കണ്ടെത്താൻ സിപിഎം ‘ശാസ്ത്രീയ പരിശോധന’ തുടങ്ങി. പ്രാദേശിക നേതാക്കളുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധനയിലേക്കു കടന്നിരിക്കുകയാണു നേതൃത്വം. തോൽവി അന്വേഷിക്കുന്ന രണ്ടംഗ കമ്മിഷനാണ് കോൾ ലിസ്റ്റ് പരിശോധിക്കുന്നത്.കുഞ്ഞിക്കൃഷ്ണന് അനുകൂലമായി പാർട്ടി നേതാക്കൾതന്നെ വോട്ട് ചോർത്തിയതായി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കാൻ രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്. ഇതോടെ പ്രാദേശിക പാർട്ടി നേതാക്കളും പ്രവർത്തകരും സംശയനിഴലിലായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ഹരീന്ദ്രനും പി.വി.ഗോപിനാഥുമാണ് അന്വേഷിക്കുന്നതെന്നാണു വിവരം.ഏരിയ കമ്മിറ്റി അംഗങ്ങളും പയ്യന്നൂരിൽനിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളും പ്രായപരിധിയുടെ പേരിൽ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുമാണ് തിരഞ്ഞെടുപ്പ് സമയത്തെ കോൾ ലിസ്റ്റ് ഹാജരാക്കേണ്ടത്. മുൻ എംഎൽഎ സി.കൃഷ്ണൻ, ഏരിയ സെക്രട്ടറി പി.സന്തോഷ് എന്നിവർ ഉൾപ്പെടെയുള്ളർ കോൾ ലിസ്റ്റ് ഹാജരാക്കേണ്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് അറിയുന്നത്. പയ്യന്നൂരിൽ കാൽലക്ഷത്തോളം വോട്ട് സിപിഎമ്മിന് നഷ്ടപ്പെട്ടതായാണ് കണക്ക്. മറുചേരിക്ക് വോട്ട് ചെയ്തവരെ കണ്ടെത്താനെന്ന പേരിൽ നടത്തുന്ന അന്വേഷണം ഇഷ്ടമില്ലാത്ത നേതാക്കളെ ഒതുക്കാനുള്ള നീക്കമാണെന്ന് കരുതുന്നവരുണ്ട്.സി.വി.ധനരാജ് രക്തസാക്ഷി ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട്, 2021 ലെ തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽനിന്ന് ഒരു കോടിയോളം രൂപ അപഹരിക്കപ്പെട്ടെന്ന വി.കുഞ്ഞിക്കൃഷ്ണന്റെ ആരോപണത്തിന് വ്യക്തമായ മറുപടി നൽകാൻ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പണാപഹരണത്തിന് തെളിവായി കുഞ്ഞിക്കൃഷ്ണൻ പുറത്തുവിട്ട കണക്ക് ശരിയല്ലെന്നു പറയുന്നതല്ലാതെ ഏതാണ് ശരിയായ കണക്കെന്ന് സിപിഎം അണികളെയോ പൊതുസമൂഹത്തെയോ ബോധ്യപ്പെടുത്തിയിട്ടുമില്ല.∙ കടന്നൽക്കുത്തേറ്റ് ഫെയ്സ്ബുക് പോസ്റ്റ്
സി.വി.ധനരാജ് രക്തസാക്ഷിത്വ ദിനാചരണ ദിനത്തിൽ സമൂഹമാധ്യമത്തിൽ അനുസ്മരണ പോസ്റ്റിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനും മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.ഐ.മധുസൂദനനും എതിരെ കടുത്ത ഭാഷയിൽ വിമർശനം. പാർട്ടി ആഭിമുഖ്യമുള്ളവരടക്കം വിമർശനവുമായെത്തി. രക്തസാക്ഷി ഫണ്ട്‌വരെ മുക്കിയെന്നും പയ്യന്നൂരിലെ തോൽവി ധനരാജിന്റെ ആത്മാവ് നൽകിയ പണിയാണെന്നുമെല്ലാം പ്രതികരണങ്ങളുണ്ടായി. സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ ഉയർന്ന അഴിമതി ആരോപണത്തിൽ പാർട്ടിയെടുത്ത നിലപാട് ശരിയല്ലെന്ന വിമർശനത്തിലൂന്നിയായിരുന്നു പ്രതികരണങ്ങൾ. വിമർശിക്കുന്നവരുടെ എണ്ണം കൂടിയതോടെ മധുസൂദനന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് പൂട്ടേണ്ടി വന്നു.








