കണ്ണൂർ പയ്യന്നൂരിൽ അനുനയ നീക്കവുമായി സിപിഐഎം. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനാണ് ശ്രമം. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിന് നേതൃത്വം നൽകിയ പ്രസന്നന്റെ വീട്ടിൽ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ എത്തി. പ്രസന്നൻ്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ്റെ സഹോദരൻ വി നാരായണൻ്റെ വീട്ടിലും പി ജയരാജൻ സന്ദർശനം നടത്തി. ഏരിയ സെക്രട്ടറി പി സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശിയും പി ജയരാജന് മുൻപ് പ്രസന്നനെ സന്ദർശിച്ചിരുന്നു.അതേസമയം ടി ഐ മധുസൂദനൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പയ്യന്നൂരിൽ ഇന്ന് ബിജെപി മാർച്ച് നടത്തും. ധനരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് പയ്യന്നൂർ എം എൽ എ ടി ഐ മധുസൂദനൻ ഉൾപ്പെടെ ഉള്ളവർ ചേർന്ന് ലക്ഷങ്ങൾ തട്ടിയെന്നായിരുന്നു കുഞ്ഞികൃഷ്ണന്റെ ആരോപണം. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണൻ പരസ്യമായി പ്രതികരിച്ചിരുന്നു. വെളിപ്പെടുത്തൽ നടത്തിയ സിപിആഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നാണ് സിപിഐഎം വാദം.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനങ്ങൾ നടത്തിയിരുന്നു. ‘പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം പ്രകടനം നടന്നത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചിരുന്നു.








